ചെന്നൈ |ബുറേവി ചുഴലിക്കാറ്റിലും തുടര്‍ന്നുണ്ടായ കനത്ത മഴയിലും തമിഴ്‌നാട്ടില്‍ അഞ്ച് മരണം. കടലൂരില്‍ വീട് തകര്‍ന്ന് ദേഹത്ത് വീണ് 35 വയസുള്ള സ്ത്രീയും 10 വയസ്സുള്ള മകളും മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മറ്റൊരു സ്ത്രീ ചികിത്സയിലാണ്. പുതുക്കോട്ടെയില്‍ വീട് തകര്‍ന്ന് ഒരു സ്ത്രീ മരിച്ചു. ചെന്നൈയില്‍ വെള്ളക്കെട്ടില്‍ നിന്ന് വൈദുതാഘാതമേറ്റ് ഒരു യുവാവും തഞ്ചാവൂരില്‍ 40 വയസ്സുള്ള സ്ത്രീയും മരിച്ചു.
അതേ സമയം അടുത്ത 12 മണിക്കൂറില്‍ ബുറേവിയുടെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തമിഴ്‌നാടിന്റെ വിവിധയിടങ്ങളില്‍ ഇപ്പോഴും കനത്ത മഴ പെയ്യുകയാണ്. പുതുശേരി ഉള്‍പ്പെടെയുള്ള മേഖലകളില്‍ വലിയതോതില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു.
കാറ്റിലും മഴയിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിരവധി വീടുകള്‍ തകരുകയും കനത്ത കൃഷിനാശമുണ്ടാവുകയും ചെയ്തുവെന്നും അധികൃതര്‍ പറഞ്ഞു. ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി
إرسال تعليق