കോട്ടയം | തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. മധ്യ കേരളത്തിലെ നാലു ജില്ലകളും വയനാടുമാണ് ഇന്ന് വിധിയെഴുതുന്നത്. രാവിലെ ആറുമണിക്ക് തന്നെ മോക്പോളിംഗ് ആരംഭിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാവിലെ മുതല്‍ തന്നെ പലയിടത്തും വോട്ടര്‍മാരുടെ നിര രൂപപ്പെട്ടിട്ടുണ്ട്.
രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ കോട്ടയം ,എറണാകുളം, തൃശൂര്‍, പാലക്കാട് ,വയനാട് ജില്ലകളിലെ വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കോട്ടയം, എറണാകുളം, വയനാട് ജില്ലകളില്‍ മുന്‍തൂക്കം നിലനിര്‍ത്തുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെങ്കില്‍ തൃശൂരിലും പാലക്കാട്ടും ആധിപത്യം നിലനിര്‍ത്തുന്നതിനൊപ്പം ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്തേയും തങ്ങള്‍ക്കൊപ്പം കൂട്ടാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. പാലക്കാട് നഗരസഭയില്‍ കഴിഞ്ഞ തവണ ലഭിച്ച ഭരണം നിലനിര്‍ത്തുക, തൃശൂര്‍ കോര്‍പറേഷനില്‍ വന്‍ മുന്നേറ്റം നടത്തുക എന്നതാണ് ബിജെപിയുടെ ഉന്നം.
കോട്ടയത്ത് എല്‍ഡിഎഫ് യുഡിഎഫ് പോരാട്ടം എന്നതിനേക്കാള്‍ കേരള കോണ്‍ഗ്രസിലെ ജോസ് ജോസഫ് പക്ഷങ്ങളുടെ ശക്തിപ്രകടനമാണ് നടക്കുക. എറണാകുളത്ത് കിഴക്കമ്പലത്ത് ട്വന്റിട്വന്റി, കൊച്ചി നഗരസഭയില്‍ വീഫോര്‍ കൊച്ചി തുടങ്ങിയ കൂട്ടായ്മകള്‍ വലിയ പ്രതീക്ഷയാണ് വെച്ച് പുലര്‍ത്തുന്നത്.
إرسال تعليق