മുംബൈ: യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഫ്ളാറ്റിലെ ചുമരിനുള്ളിൽ ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘട്ട് ജില്ലയിൽ താമസിക്കുന്ന 30-കാരനെയാണ് പോലീസ് പിടികൂടിയത്. കാമുകിയായ 32-കാരിയെയാണ് യുവാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടിനുറുക്കി ഫ്ളാറ്റിലെ ചുമരിനുള്ളിൽ ഒളിപ്പിച്ചു. തുടർന്ന് യാതൊരു സംശയത്തിനും ഇടനൽകാതെ ഈ ഫ്ളാറ്റിൽ തന്നെയാണ് യുവാവ് താമസിച്ചത്. ഒക്ടോബർ 21-ന് പ്രതിക്കൊപ്പം യുവതിയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. ഇതിനിടെ യുവതിയുടെ വീട്ടുകാർ ഇയാളോട് കാര്യം തിരക്കിയെങ്കിലും യുവതി ഗുജറാത്തിലെ വാപ്പിയിലേക്ക് പോയെന്നായിരുന്നു മറുപടി. ഇതിനായി യുവതിയുടെ വാട്സാപ്പിൽനിന്ന് യുവാവ് സന്ദേശങ്ങൾ അയക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾ പിന്നിട്ടതോടെ വീട്ടുകാർക്ക് സംശയം ബലപ്പെട്ടു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ഒരുമിച്ച് ജോലിചെയ്തിരുന്ന ഇരുവരും കഴിഞ്ഞ അഞ്ച് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹത്തിന് നിർബന്ധിച്ചതോടെയാണ് യുവതിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഫ്ളാറ്റിൽവെച്ച് യുവതിയെ കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിനുറുക്കി ചുമരിനുള്ളിൽ ഒളിപ്പിക്കുകയുമായിരുന്നു. ഫ്ളാറ്റിൽനിന്ന് യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കൊലക്കുറ്റം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തു.
إرسال تعليق