പൂട്ടിക്കിടന്ന വീട്ടില്‍നിന്ന് 100 പവന്‍ കവര്‍ന്നു; മുറിയില്‍ മുട്ടക്കറിയൊഴിച്ച് കള്ളന്‍ സ്ഥലംവിട്ടു

കോയമ്പത്തൂർ: പൂട്ടിക്കിടന്ന വീട്ടിൽനിന്ന് 100 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. കോയമ്പത്തൂർ ഡോ. രാജേന്ദ്രപ്രസാദ് റോഡിൽ സി. കാർത്തിക്കിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ശനിയാഴ്ച രാവിലെയാണ് മോഷണവിവരം പുറത്തറിഞ്ഞത്. കാർത്തിക്കും കുടുംബവും വ്യാഴാഴ്ചയാണ് വീട് പൂട്ടി ബെംഗളൂരുവിലേക്ക് പോയത്. ശനിയാഴ്ച രാവിലെ വീട്ടുജോലിക്കാരി പുഷ്പ വീട്ടിലെത്തിയിരുന്നു. ഈ സമയത്താണ് വീടിന്റെ വാതിൽ തകർത്തനിലയിൽ കണ്ടത്. തുടർന്ന് ഇവർ കാർത്തിക്കിനെ ഫോണിൽ വിളിക്കുകയും ഇദ്ദേഹം സിറ്റി പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് ആഭരണങ്ങൾ സൂക്ഷിച്ച ലോക്കറുകൾ തുറന്നത്. മോഷണത്തിന് ശേഷം വീടിനുള്ളിൽ മുട്ടക്കറി മസാല തളിച്ചിരുന്നു. പോലീസ് നായ മണംപിടിക്കാതിരിക്കാനാണ് മുട്ടക്കറി ഒഴിച്ചത്. വിവരമറിഞ്ഞ് ഡെപ്യൂട്ടി കമ്മീഷണർമാരായ ജി.സ്റ്റാലിൻ, ഇ.എസ്. ഉമ എന്നിവരുൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഫൊറൻസിക് ഉദ്യോഗസ്ഥരും തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

Post a Comment

أحدث أقدم