തളിപ്പറമ്പ് ;
സിപിഐ എം പ്രവർത്തകനെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് മുസ്ലിംലീഗുകാർക്ക് 14 വർഷം തടവ്. കുപ്പം വൈര്യാംകോട്ടം സ്വദേശി കല്ലിങ്കീൽ ദിനേശനെയാണ് മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പടുത്താൻ ശ്രമിച്ചത്. കേസിൽ 20 വർഷത്തിന് ശേഷമാണ് പയ്യന്നൂർ അസിസ്റ്റൻ്റ് സെഷൻസ് ജഡ്ജി കെ ആർ സുനിൽകുമാറാണ് ശിക്ഷ വിധിച്ചത്.
കുപ്പത്തെ മുസ്ലിംലീഗുകാരായ ആവാര സുബൈർ (45), എൻ മുസ്തഫ (50), ഉളിയൻ മൂലയിൽ മൊയ്തീൻ (39), മീത്തലെ വളപ്പിൽ ഷഫീഖ് എന്ന കൊള്ളി ഷഫീഖ് (38), ഉളിയൻ മൂലയിൽ തയ്യിബ് (38) എന്നിവർക്ക് 14 വർഷവും നാല് മാസവും തടവ് വിധിച്ചു. ആയുധം ഒളിപ്പിക്കാൻ സഹായിച്ച പാലക്കോടൻ ഷബീറിന് (38) രണ്ട് വർഷം തടവാണ് ശിക്ഷ. പ്രതികൾ 37,500രൂപ പിഴയും അടക്കണം. രണ്ടാം പ്രതിയായ പി സി മുസ്തഫ നേരത്തെ മരിച്ചിരുന്നു.
2001 ആഗസ്ത് 29ന് ചെങ്കല്ല് ലോഡിങ് തൊഴിലാളിയായ ദിനേശൻ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ലീഗ് ക്രിമിനലുകൾ കുപ്പം പുഴക്കരയിലെ വൈര്യാംകോട്ടം റോഡിൽ തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാരനായ സുകുമാരൻ ഓടിയെത്തിയതിനാൽ അക്രമികൾ പിന്മാറി. ദിനേശന്റെ ഇരുകാലുകളും അക്രമികൾ വെട്ടിയരിഞ്ഞു. വലതുകാൽ നഷ്ടപ്പെട്ട ദിനേശൻ വർഷങ്ങളോളം ചികിത്സയിലായിരുന്നു.12 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകളും ഹാജരാക്കി. അന്നത്തെ സിഐ പ്രകാശനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യുഷനുവേണ്ടി ഗവ. പ്ലീഡർ കെ പ്രമോദ് ഹാജരായി. അഡ്വ. നിക്കോളാസ് ജോസഫ് നേരത്തെ പ്രോസിക്യൂഷനെ സഹായിച്ചു.
إرسال تعليق