ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് രാമക്ഷേത്ര നിര്‍മാണത്തിന്റെ മറവില്‍ പിരിച്ചത് സഹസ്ര കോടികള്‍; ലഭിച്ചത് ഇരട്ടിയിലധികം തുക



ലക്‌നോ

അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിന്റെ മറവില്‍ സഹസ്ര കോടികള്‍ പിരിച്ച് രാമ ജന്‍മ ഭൂമി ട്രസ്റ്റ്. രാമക്ഷേത്ര നിര്‍മാണത്തിന് പരമാവധി കണക്കാക്കിയ ബജറ്റ് 1100 കോടി രൂപയാണെങ്കില്‍ 44 ദിവസത്തെ ക്രൗഡ് ഫണ്ടിംഗിലൂടെ ട്രസ്റ്റ് പിരിച്ചെടുത്തത് 2100 കോടിയിലധികം രൂപ. ജനുവരി 15ന് വിഎച്ച്പിയുടെ നേതൃത്വത്തിൽ തുടങ്ങിയ 44 ദിവസത്തെ ക്രൗഡ് ഫണ്ടിംഗ് ശനിയാഴ്ച വൈകീട്ട് അവസാനിച്ചപ്പോഴുള്ള കണക്കാണിത്.

തുടക്കത്തില്‍ 300-400 കോടി രൂപയാണ് ക്ഷേത്ര നിര്‍മാണത്തിന് ചെലവ് കണക്കാക്കിയിരുന്നത്. ഇത് പിന്നീട് 1,100 കോടി രൂപയാക്കി പുതുക്കി നിശ്ചയിച്ചു. തുടര്‍ന്നാണ് ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചത്. ഓണ്‍ലൈനിലൂടെയും അല്ലാതെയുമായി നടത്തിയ പണപ്പിരിവില്‍ വന്‍തുക ട്രസ്റ്റിന് ലഭിച്ചു. പലയിടത്തും ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി ആളുകളില്‍ നിന്ന് പണം പിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരെ ഇതിനിടക്ക് പുറത്തുവന്നിരുന്നു.

പരാമവധി കണക്കാക്കിയ ചെലവിനേക്കാളും ആയിരം കോടിയിലധികം രൂപയാണ് ട്രസ്റ്റിന് അധികമായി ലഭിച്ചത്. അധികമായി ലഭിച്ച ഈ തുക എന്ത് ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ ട്രസ്റ്റിന് സാധിച്ചിട്ടില്ല. അയോധ്യയുടെ മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പണം ഉപയോഗിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും അത് അംഗീകരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാമക്ഷേത്ര നിര്‍മാണത്തിന് കണക്കാക്കിയതിലും അധികം പണം ചെലവാകാന്‍ സാധ്യതയുണ്ടെന്നും ബാക്കി തുക ഉണ്ടെങ്കില്‍ സീതയുടെ പേരില്‍ ഒരു സംസ്‌കൃതം സര്‍വകാലാശ സ്ഥാപിക്കുമെന്നും ക്ഷേത്ര നഗരത്തില്‍ സൗജന്യമായി പാല്‍ വിതരണം ചെയ്യുന്നതിന് ഗോശാല സ്ഥാപിക്കുമെന്നുമാണ് അധികൃതരുടെ മറുപടി.

ശ്രീരാമന്റെ പേരില്‍ പിരിച്ച പണം ക്ഷേത്ര സമുച്ചയത്തിന് വേണ്ടി മാത്രമേ ചെലവഴിക്കാവൂ എന്ന അഭിപ്രായവും ബിജെപിക്ക് ഉള്ളില്‍ ഉയരുന്നുണ്ട്. മുന്‍ ബിജെപി എംപിയും തീവ്രഹിന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുന്നയാളുമായ വിനയ് കത്യാര്‍ അടക്കമുള്ളവര്‍ ഈ അഭിപ്രായക്കാരാണ്. എന്തായാലും ഈ അധിക പണം വരും നാളുകളില്‍ ബിജെപിയില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


Read Also: പാൻ കാർഡ് ഇല്ലെ? 10 മിനിറ്റിനകം പാൻ കാർഡ് റെഡി! വളരെ ഈസിയായി സ്വന്തമായി അപേക്ഷിക്കാം ➡️ CLICK HERE


Read Also: നിങ്ങൾക്ക് ഫോൺ വിളിക്കുന്നയാളുടെ ഫോട്ടോ കാണാം ഈ ആപ്പിലൂടെ ➡️INSTALL APP


Post a Comment

أحدث أقدم