മലപ്പുറം: പതിനാലുകാരിയായ ഭാര്യ പ്രസവിച്ചതിനു പിന്നാലെ ആദിവാസി യുവാവിനെതിരെ പോക്‌സോ കേസ്. പ്രായപൂര്‍ത്തിയെത്താത്ത യുവതി ഗര്‍ഭിണിയായതായി ആശുപത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ്, ഇരുപത്തിരണ്ടുകാരനായ യുവാവിനെതിരെ പോത്തുകല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കിയത്. പ്രവസത്തിനായി ആദിവാസി കുടുംബം ആദ്യം നിലമ്ബൂര്‍ ജില്ലാ ആശുപത്രിയിലാണ് എത്തിയത്. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ സങ്കീര്‍ണത ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ട് മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കുകയായിരുന്നു.
ഇതിനൊപ്പം തന്നെ ആശുപത്രി അധികൃതര്‍ പൊലീസിനെയും വിവരം അറിയിച്ചു.
പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് അറിഞ്ഞതോടെ യുവാവ് ഒളിവിലാണ്. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സഹായത്തോടെ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പെണ്‍കുട്ടികളെ നേരത്തെ വിവാഹം ചെയ്യുന്നത് തങ്ങളുടെ ആചാരമാണെന്നും യുവാവിനെതിരെ പരാതിയില്ലെന്നും മാതാപിതാക്കള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദം പരിഗണിക്കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാവാത്തതിനാല്‍ യുവാവ് നിയമപ്രകാരം കുറ്റവാളിയാണന്ന് പൊലീസ് പറഞ്ഞു. ഗോത്ര വര്‍ഗ വിഭാഗത്തില്‍നിന്നുള്ളവരെ പോക്‌സോ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
إرسال تعليق