വനിതകളെ മുസ്ലിം ലീഗ് മത്സരിപ്പിക്കരുത്; ഏറെ ബുദ്ധിമുട്ടാവും; മറിച്ചു ചിന്തിച്ചാൽ അതിന്റെ അനന്തരഫലം കാത്തിരുന്ന് കാണാം: മുന്നറിയിപ്പുമായി എസ്‌വൈഎസ്

മലപ്പുറം: തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികളെ സംബന്ധിച്ച് മുന്നണികൾ ചർച്ച തുടരവെ വനിതകളെ മത്സരിപ്പിക്കരുതെന്ന് മുസ്ലിം ലീഗിന് മുന്നറിയിപ്പ് നൽകി എസ്‌വൈഎസ്. മുസ്ലീം ലീഗ് വനിതാ സ്ഥാനാർത്ഥികളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന് സുന്നി നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ ആവശ്യപ്പെട്ടു. പൊതുമണ്ഡലത്തിൽ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളിൽ സംവരണ സീറ്റുകളിൽ മാത്രം വനിതകളെ മത്സരിപ്പിക്കാമെന്നുമാണ് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി കൂടിയായ അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രതികരണം. പൊതുവിഭാഗത്തിലെ സീറ്റിൽ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കണോയെന്ന കാര്യം വീണ്ടും വീണ്ടും ചിന്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുടുംബഭാരമുള്ള സ്ത്രീ മത്സരിക്കാനിറങ്ങുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇക്കാര്യത്തിൽ തീരുമാനം മുസ്ലീം ലീഗിനെടുക്കാം. മറിച്ചു ചിന്തിച്ചാൽ അതിന്റെ അനന്തരഫലം കാത്തിരുന്ന് കാണണമെന്നും മുസ്ലിം ലീഗിന് അബ്ദുസമദ് പൂക്കോട്ടൂർ മുന്നറിയിപ്പ് നൽകി.

Post a Comment

أحدث أقدم