സംസ്ഥാനത്തെ 7 ആശുപത്രിക്കുകൂടി ദേശീയ അംഗീകാരം


തിരുവനന്തപുരം .

സംസ്ഥാനത്തെ ഏഴ് സർക്കാർ ആശുപത്രിക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം (എൻക്യുഎഎസ്). തൃശൂർ ഗുരുവായൂർ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്കോർ: 92.97 ശതമാനം), കോഴിക്കോട് കിണാശേരി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (90.85), കൊല്ലം വെളിയം കുടുംബാരോഗ്യ കേന്ദ്രം (94.93), എറണാകുളം തൃപ്പൂണിത്തുറ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (89.01), തൃശൂർ മുല്ലശേരി സാമൂഹ്യാരോഗ്യ കേന്ദ്രം (90.1), മലപ്പുറം മംഗലശേരി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (94.2), മലപ്പുറം ഇരവിമംഗലം അർബൻ പ്രൈമറി ഹെൽത്ത് സെന്റർ(93.4) എന്നിവയ്ക്കാണ് എൻക്യുഎഎസ് ബഹുമതി ലഭിച്ചത്.

മാർച്ചിൽ എട്ട് ആരോഗ്യസ്ഥാപനത്തിന് ബഹുമതി ലഭിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ 108 ആരോഗ്യസ്ഥാപനത്തിന് ദേശീയ അംഗീകാരമായി. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ എൻക്യുഎഎസ് അംഗീകാരം നേടുന്ന സംസ്ഥാനമായി (23 കേന്ദ്രം) കേരളം. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12 എണ്ണം കേരളത്തിലാണ്.

എൻക്യുഎഎസ് അംഗീകാരം ലഭിച്ച പിഎച്ച്സികൾക്ക് രണ്ട് ലക്ഷം രൂപവീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസന്റീവ് ലഭിക്കും.


Post a Comment

أحدث أقدم