കുഞ്ഞു ഇമ്രാനും വേണം 18 കോടിയുടെ കരുതൽ




കോഴിക്കോട് :

മുഹമ്മദിന്റെ ചികിത്സക്കായി കൈകോർത്ത ലോകത്തിന് മുന്നിൽ നൊമ്പരമായി കുഞ്ഞു ഇമ്രാനും. മുഹമ്മദിനെ ബാധിച്ച സ്പൈനൽ മസ്‌കുലാർ അട്രോഫി എന്ന അപൂർവ രോഗം പിടിപെട്ട ഇമ്രാൻ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെന്റിലേറ്ററിൽ നാല് മാസമായി വേദന തിന്ന് കഴിയുകയാണ്.

ഇമ്രാന്റെ ചികിത്സക്കുള്ള ഒരു ഡോസ് മരുന്നിനും വേണം 18 കോടി. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത് അങ്ങാടിപ്പുറത്തുള്ള ഏറാന്തോട് മദ്‌റസ പടിയിലെ ആരിഫ്- തസ്‌നി ദമ്പതികളുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്ക് ആവശ്യമായ തുക എവിടെ നിന്ന് സ്വരൂപിക്കുമെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ് കുടുംബം. മുഹമ്മദിന് സഹായമെത്തിച്ച ലോകം കുഞ്ഞു ഇമ്രാനെയും കാണുമെന്നാണ് പിതാവ് ആരിഫിന്റെ വിശ്വാസം. ആരിഫ്- തസ്‌നി ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയ കുട്ടിയാണ് ഇമ്രാൻ. രണ്ടാമത്തെ കുട്ടി പ്രസവിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോൾ സമാന അസുഖം ബാധിച്ച് മരിച്ചു. മൂത്ത പെൺകുട്ടിക്ക് അഞ്ച് വയസ്സ് പ്രായമുണ്ട്. ഇമ്രാനെ പ്രസവിച്ച് 28 ദിവസത്തിന് ശേഷം ഇടതു കൈ ചലിപ്പിക്കാനായില്ല. പിന്നീട് ശ്വാസ തടസ്സവുമുണ്ടായി.

പരിശോധന നടത്തിയപ്പോഴാണ് പേശികളെ തളർത്തിക്കളയുന്ന സ്പൈനൽ മസ്‌കുലാർ അട്രോഫി ആണെന്ന് തിരിച്ചറിഞ്ഞത്. ഇതേ തുടർന്ന് മരുന്നിനുള്ള അന്വേഷണമായി. ഇത്രയധികം തുക ഒരു ഡോസ് മരുന്നിന് വേണമെന്നറിഞ്ഞതോടെ ആരിഫ് മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ മരുന്ന് വിദേശത്ത് നിന്നെത്തിക്കാൻ സർക്കാറിന്റെ സഹായം തേടി കോടതിയെ സമീപിച്ചിരുന്നു. ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപവത്കരിക്കാൻ സർക്കാറിന് ഹൈക്കോടതി നിർദേശം നൽകി. ഹരജി ഇന്ന് വീണ്ടും പരിഗണിക്കും. മുമ്പ് ഒരു കുഞ്ഞിനെ ഇതേ രീതിയിൽ നഷ്ടമായ കുടുംബത്തിന് ഇനി ഒരു ദുരന്തം അതിജീവിക്കാനുള്ള കെൽപ്പില്ല. അതിനായി ലോകത്തിന് മുമ്പിൽ സഹായത്തിനായി കേഴുകയാണ് ആരിഫ്.
മുഹമ്മദിനെ സഹായിച്ച നമ്മൾ മലയാളികൾക്ക് വേദന കടിച്ചമർത്തി കഴിയുന്ന കുഞ്ഞു ഇമ്രാന്റെ ചികിത്സക്ക് കൂടി കൈകോർക്കാം.

NAME: ARIF, FEDERAL BANK,
ACCOUNT NUMBER: 16320100118821,
BRANCH: MANKADA,
IFSC CODE: FDRL0001632,
GOOGLE PAY NO: 8075393563.
CONTACT NUMBER : 8075393563.


Post a Comment

أحدث أقدم