'അവര്‍ വന്നത് കൊല്ലാന്‍'; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ഉണ്ണിത്താന്‍



തന്നെ ട്രെയിനില്‍ അസഭ്യം പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരാതി നല്‍കി.

കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത്, കാഞ്ഞങ്ങാട് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി അനില്‍ വാഴുന്നോറടി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് എംപിയുടെ ആവശ്യം. കൊല്ലണമെന്ന ഉദ്ദേശത്തിലാണ് ഇവര്‍ ട്രെയിനില്‍ കയറിയതെന്നാണ് ഉണ്ണിത്താന്‍ പരാതിയില്‍ പറയുന്നത്.

ഉണ്ണിത്താനെ അസഭ്യം പറഞ്ഞ കോണ്‍ഗ്രസ് നേതാക്കളെ ആറ് മാസത്തേക്ക് സസ്‌പെന്റ് ചെയ്തതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഉണ്ണിത്താനോട് അപമര്യാദയായി പെരുമാറിയത് ഗൗരവതരവും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്നതുമാണ്. ഒരാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മാവേലി എക്‌സ്പ്രസിലെ യാത്രയ്ക്കിടയിലാണ് ഉണ്ണിത്താനെ കോണ്‍ഗ്രസുകാര്‍ അസഭ്യം പറഞ്ഞത്. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയക്കൊപ്പമായിരുന്നു എംപിയുടെ യാത്ര. ഇവര്‍ സഞ്ചരിച്ചിരുന്ന അതേ ബോഗിയില്‍ കയറിയ പത്മരാജന്‍ ഐങ്ങോത്തും അനിലും ചേര്‍ന്ന് ഉണ്ണിത്താനെ അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തില്‍ പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പദ്മരാജന്‍ ഐങ്ങോത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


Post a Comment

أحدث أقدم