മുള്ളേരിയ: കമുകിൻ തോട്ടങ്ങളിൽ
ആർക്കും വേണ്ടാതെ കളഞ്ഞിരുന്ന പാള ഇന്ന് ഈ വീട്ടമ്മമാരുടെ ജീവിതമാണ്. ആദൂർ ചള്ളങ്കോട് ഭഗവതി കുടുംബശ്രീയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം തുടങ്ങിയ പാള പ്ലേറ്റ് നിർമാണ യൂണിറ്റ് കോവിഡ് പ്രതിസന്ധിയിലും ഈ വീട്ടമ്മമാർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള ആത്മവിശ്വാസമാണ് നൽകിയത്. കോവിഡ് കാരണം പ്രതീക്ഷിച്ച പോലെ പ്ലേറ്റ് ചെലവാകുന്നില്ലെങ്കിലും ഒരു മാസം 7000 മുതൽ പതിനായിരം രൂപ വരെ ഓരോരുത്തർക്കും ലഭിക്കുന്നുണ്ട്.
2020 ജനുവരി ഒന്നിനാണ് ഭഗവതി കുടുംബശ്രീയിലെ 5 അംഗങ്ങൾ ചേർന്ന് യൂണിറ്റ് തുടങ്ങിയത്. കുടുംബശ്രീ സെക്രട്ടറി സൗമ്യ, പ്രസിഡന്റ് അരുണ, അംഗങ്ങളായ കവിത, അരുണാവതി,സാംഭവി എന്നിവർ ചേർന്നാണ് ഈ സംരംഭം തുടങ്ങിയത്. ഇവരുടെ കയ്യിലുണ്ടായിരുന്ന ചെറിയ തുകകളും കേരള ബാങ്ക് മുള്ളേരിയ ശാഖയിൽ നിന്നുള്ള വായ്പയും ചേർത്ത് ഒന്നര ലക്ഷത്തോളം രൂപ യൂണിറ്റ് സ്ഥാപിക്കാൻ ചെലവായി. വിജയിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും സിഡിഎസും കുടുംബശ്രീ ജില്ലാ മിഷനും എല്ലാ പിന്തുണകളും നൽകിയതോടെ ധൈര്യമായി. കമുകിൻ തോട്ടങ്ങൾ ധാരാളം ഉള്ളതിനാൽ പ്ലെയ്റ്റ് നിർമാണത്തിനുള്ള പാള ഇഷ്ടം പോലെ ലഭിക്കുമെന്നതായിരുന്നു വലിയൊരു ഗുണം.
ആദ്യ മാസം തന്നെ നല്ല വരുമാനം ലഭിച്ചു. അരുണയും സൗമ്യയുമാണ് പ്ലേറ്റ് ഉണ്ടാക്കുന്നത്. മറ്റുള്ളവർ തോട്ടങ്ങളിൽ പോയി പാള ശേഖരിക്കും. 3 ദിവസം വെയിലത്തിട്ട് ഉണക്കിയ ശേഷമാണ് പ്ലേറ്റ് ഉണ്ടാക്കുന്നത്. 12,10,6 ഇഞ്ച് വട്ടത്തിലുള്ള പ്ലേറ്റുകളാണ് ഇവർ ഉണ്ടാക്കുന്നത്.പ്ലേറ്റ് ഉണ്ടാക്കിയ ശേഷം പിന്നെയും ഒരു ദിവസം ഉണക്കും.അതിനു ശേഷം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ആവശ്യക്കാർക്ക് നൽകും. ഒരു പ്ലേറ്റിന് 3 രൂപയാണ് വില. ഒരു ദിവസം രണ്ടു പേർ ചേർന്ന് 450 മുതൽ 500 പ്ലേറ്റുകൾ വരെ ഉണ്ടാക്കുമെന്ന് ഇവർ പറയുന്നു. ആവശ്യം കൂടിയാൽ ഉൽപാദനം വർധിപ്പിക്കാനും കഴിയും.
അധ്യാപനം വിട്ട് സൗമ്യ
നഴ്സറി ടീച്ചർ പരിശീലനം നേടിയ സൗമ്യ നഴ്സറി അധ്യാപികയായിരുന്നു. അത് ഉപേക്ഷിച്ചാണ് ഈ സംരഭത്തിനു നേതൃത്വം നൽകാനിറങ്ങിയത്. അതുപോലെ അരുണ, കവിത,അരുണാവതി എന്നിവർ തൊഴിലുറപ്പ് പദ്ധതിയിൽ പണിക്ക് പോയിരുന്നു. 73 വയസ്സുള്ള സാംഭവിക്കും ഇതു നൽകുന്നത് പുതിയ പ്രതീക്ഷകളാണ്. ആദ്യ 2 മാസം നല്ലപോലെ പ്രവർത്തിക്കാൻ കഴിഞ്ഞെങ്കിലും വിപുലീകരണ ഘട്ടത്തിലാണ് കോവിഡ് എത്തിയത്.
ഇതോടെ ഓർഡറുകൾ ഇല്ലാതായി. സമീപത്തെ ആഘോഷ വീടുകളിലേക്കും ഉത്സവം തുടങ്ങിയവയ്ക്കുമാണ് പ്ലെയ്റ്റുകൾ അധികവും വിറ്റു പോയിരുന്നത്. പക്ഷേ കോവിഡിനു ശേഷം ഇതു നിലച്ചതോടെ ഇവർ ഉൽപാദനം കുറച്ചു. പക്ഷേ ഇപ്പോൾ ഓർഡറുകൾ ലഭിച്ചു തുടങ്ങിയതായി സെക്രട്ടറി സൗമ്യ പറയുന്നു. കുറഞ്ഞ് ആഘോഷങ്ങൾ ഉണരുമ്പോൾ പ്രതീക്ഷകൾ അതിനേക്കാൾ ഉയരുകയാണ്.
إرسال تعليق