ഗുണ്ടാ സംഘങ്ങൾ തമ്മിലെ കുടിപ്പക; തൃശ്ശൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു


തൃശൂർ പറവട്ടാനി ചുങ്കത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. ഒല്ലൂക്കര സ്വദേശി ഷെമീര്‍ ആണ് മരിച്ചത്. ഗുണ്ട സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതക കാരണം എന്നാണ് സൂചന. മരിച്ച ഷമീർ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. 
ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് തൃശ്ശൂര്‍ - മണ്ണുത്തി റൂട്ടിലെ പറവട്ടാനിയിൽ ഷമീറിന് നേരെ ആക്രമണമുണ്ടായത്. മീൻ കയറ്റിയ പിക് അപ്പ് ഓടിച്ച് എത്തിയതായിരുന്നു ഇയാൾ . റോഡിനു സമീപം നിർത്തിയിട്ട വാനിന് നേരെ അക്രമികൾ പാഞ്ഞടുത്തു . ചില്ല് തകർത്തതോടെ ഷമീർ പുറത്തേക്കിറങ്ങി ഓടി എങ്കിലും അക്രമികൾ പിന്തുടർന്ന് വെട്ടുകയായിരുന്നു.
തലയ്ക്കും കഴുത്തിനും ഗുരുതര പരിക്കേറ്റ ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം ഊർജിതപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. വിരലടയാള വിദഗ്ധർ ഉൾപ്പെടെ സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. 

Post a Comment

أحدث أقدم