കാനഡ മുതൽ ഫിലിപ്പൈൻ വരെ വായനക്കാർ;ലോക പ്രശസ്ത പ്രസിദ്ധീകരണശാലകൾ പുറത്തിറക്കിയ അൻപത് പ്രൗഢ രചനകളുമായി മലയാളി പണ്ഡിതൻ / അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ abdul baseer saquafi




ഡിസംബർ 18 ലെ ലോക അറബി ഭാഷ ദിനത്തിൽ കേരളം ശ്രദ്ധിക്കേണ്ട ഒരു പണ്ഡിതനുണ്ട്. 44 വയസ്സുകാരനായ അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ. മർകസ് നോളജ് സിറ്റിയിൽ ശരീഅ സിറ്റിയിൽ പ്രധാന മുദരിസ് ആയ ബസ്വീർ സഖാഫി അറബിയിൽ ഗദ്യവും പദ്യവുമായി അൻപത് പുസ്തകങ്ങൾ രചിട്ടുണ്ട്. ഇവയിൽ പലതും പ്രസിദ്ധീകരിച്ചത്  വിദേശ രാജ്യങ്ങളിലെ പ്രശസ്ത പുസ്തക പ്രസാധകർ. യമൻ, ഈജിപ്ത്, ജോർദാൻ, കുവൈത്ത്, തുടങ്ങിയ രാഷ്ട്രങ്ങളിലെ പ്രസാധനാലയങ്ങളാണ് ബസ്വീർ സഖാഫിയുടെ രചനകൾ പുറത്തിറക്കിടയിട്ടുള്ളത്. 

കവിതയിൽ താല്പര്യമുള്ള കുടുംബ പാരമ്പര്യമായിരുന്നു തന്റേതെന്നും, ചെറുപ്പത്തിലേ അതിനാൽ കവിതയെഴുതാൻ ശ്രമിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു. പള്ളികൾ കേന്ദ്രീകരിച്ചു നടക്കുന്ന ദർസുകളിലാണ് മത പഠനത്തിന്റ ആദ്യ കാലങ്ങൾ. അറബിയിൽ അന്നേ കവിത എഴുതാൻ ശ്രമിച്ചുവെങ്കിലും  വാക്കുകളുടെ കുറവ് ബാധിച്ചു. അങ്ങേനെയാണ്  ആയിരത്തിലധികം പേജുകളുള്ള പ്രശസ്തമായ അൽ മുൻജിദ് അറബി ഡിക്ഷണറി ഏതാണ്ട്  മനഃപാഠമാക്കിയത്. ഒരു മണിക്കൂറു പോലും അക്കാലത്ത് വെറുതെ കളഞ്ഞിരുന്നില്ല. വീടുകളിലേക്ക് ഭക്ഷണം കഴിക്കാൻ പോകുമ്പോൾ പോലും വാക്കുകൾ എഴുതിയ ചെറുകുറിപ്പുകൾ പേറി നടന്നു. മറ്റു പല കിതാബുകളും ആ കാലത്ത് പഠിച്ചു.

1995- ലാണ് ബിരുദ പഠനത്തിനായി ബസ്വീർ സഖാഫി കോഴിക്കോട് കാരന്തൂർ  മർകസിൽ എത്തിയത്.  അറബിയിലെ പര്യായ പദങ്ങളും അവ തമ്മിലുള്ള വ്യത്യാസവും വിശദമാക്കുന്ന 900 പേജ് വരുന്ന ആദ്യ കൃതി രചിച്ചു അക്കാലത്ത്, അൽ ഫറൂഖു ലുഗവിയ്യ എന്ന പേരിൽ . ബസ്വീർ സഖാഫിയുടെ രചനാ വൈഭവം തിരിച്ചറിഞ്ഞ മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നന്നായി പ്രോൽസാഹിസിപ്പിച്ചു. പതിനായിരക്കണക്കിന് കൃതികൾ ഉള്ള മർകസ് ലൈബ്രറി നന്നായി ഉപയോഗപ്പെടുത്താനും കാന്തപുരം അദ്ദേഹത്തെ പ്രചോദിപ്പിച്ചു. മൂന്നു വർഷം കഴിഞ്ഞു മർകസ് പഠനം പൂർത്തിയാക്കുമ്പോൾ അറബി ഭാഷയിൽ അനന്യസാധാരണമായ മികവിൽ എത്തിയിരുന്നു ഇദ്ദേഹം.

തുടർന്ന് രചനകളുടെ ഒരു പ്രവാഹമായിരുന്നു. യമനിൽ നിന്ന് പ്രസിദ്ധീകരിച്ച തസ്‌വീറുൽ മത്‌ലബ്  അറബി കർമ്മശാത്രത്തിലെ ഭാഷാ വൈവിധ്യം വിശദമാക്കുന്ന കിതാബാണ്. യമനി പണ്ഡിതനായ സയ്യിദ് അബ്‌ദുറഹ്‌മാൻ മഖ്‌ദി ഈ പുസ്തകത്തെ ഹൃസ്വമാക്കി രചിച്ചു. ഇസ്‌ലാമിക കർമ്മ ശാസ്ത്രത്തിലെ സാങ്കേതിക പ്രയോഗങ്ങൾ വിശദീകരിക്കുന്ന പ്രൗഢ കൃതിയായ 'ദിറാസ ഷഹിയ്യ'  പ്രസിദ്ധീകരിച്ചത് ജോർദാനിലെ പ്രധാന പ്രസാധകരായ നൂറുൽ മുബീനായിരുന്നു. ആ ഗ്രന്ഥം ലോക വ്യാപകമായി. അതോടെ, ബസ്വീർ സഖാഫിക്ക് ദിനേനയെന്നോണം ഫോൺ വിളികളും ഇമെയിലുകളും വരാൻ തുടങ്ങി. ലോകത്ത് തന്നെ ഈ വിഷയത്തിൽ ആധുനിക കാലത്ത് എഴുതപ്പെട്ട നല്ല കൃതിയാണ് എന്ന ആമുഖത്തത്തോടെ കാനഡയിൽ നിന്നും ഫിലിപ്പൈനിൽ നിന്നും വരെ പണ്ഡിതന്മാരുടെ കുറിപ്പുകൾ അദ്ദേഹത്തിനെത്തി. കുവൈത്തിലെ ദാറുൽ ളിയാ എന്ന പ്രമുഖ പ്രസാധകർ, ഇസ്‌ലാമിക കർമ്മ ശാസ്ത്രത്തിലെ നാല് മദ്ഹബുകളിലെ വിവിധ സങ്കൽപ്പങ്ങളെ  വിശദീകരിക്കുന്ന ബസ്വീർ സഖാഫിയുടെ കൃതി പ്രസിദ്ധീകരിച്ചത്. ഇപ്പോൾ രണ്ടാം പതിപ്പ്ക് അച്ചടിയിലാണ് . ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തിലെ ബൗദ്ധിക വിജ്ഞാനവുമായി ബന്ധപ്പെട്ട 'ഹാതിമതു  തഖ്‌രീബ് ' എന്ന ഗ്രന്ഥം   ഈജിപ്തിലെ ദാറുൽ അസ്വാല  എന്ന പ്രസാധകരാണ് പുറത്തിറക്കിയത്.  ബസ്വീർ സഖാഫിയുടെ അറബി കവിതാ സമാഹാരം ദീവാനുൽ ബസ്വീരിയ്യാത് കേരളത്തിലും പ്രസിദ്ധീകരിച്ചു. 

രണ്ടു വർഷം മുമ്പ് കൗതുകരമായ ഒരനുഭവമുണ്ടായി ബസ്വീർ സഖാഫിക്ക്. 2005 മുതൽ മർകസ് ശരീഅ കോളേജിൽ മുദരിസായി ജോലി ചെയ്യുന്ന അദ്ധഹത്തെ  ഒരു സഊദി പണ്ഡിതൻ നിരന്തരം വിളിക്കുന്നു. അറബിയിൽ എഴുതിയ ഗ്രന്ഥങ്ങൾ വായിച്ചു, അവ സഊദിയിലെ വിദ്യാഭ്യാസ  സ്ഥാപനത്തിലെ വിദ്യാർത്ഥികളെ പഠിപ്പിക്കാനാണ്. അവസാനം; 2017 ഇൽ, അദ്ദേഹം സഊദിയിൽ എത്തുകയും ഒരു വർഷം അവിടെ സേവനം ചെയ്യുകയും ചെയ്‌തു. 

നാട്ടുകാരനായ അബ്ദുൽ അസീസ് ദാരിമി, നെല്ലിക്കുത്ത് ഇസ്മായിൽ മുസ്ലിയാരുടെ മരുമകൻ അഹ്മദ് ദാരിമി, തൊട്ടുപോയിൽ അബ്ദുറഹ്മാൻ ഫൈസി എന്നിവരാണ് പള്ളി ദർസുകളിൽ പഠിക്കുമ്പോൾ ബസ്വീർ സഖാഫിയുടെ ഗുരുനാഥർ. മർകസിൽ എത്തിയതോടെ ലോക പണ്ഡിതരുമായും വിജ്ഞാനവുമായും ബന്ധപ്പെടാൻ അവസരം ധാരാളം ലഭിക്കുകയും, അവർ ബസ്വീർ സഖാഫിയുടെ കഴിവുകൾ മനസ്സിലാക്കി പ്രോസാഹിപ്പിക്കുകയും ചെയ്‌തു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ  പ്രത്യേക താൽപര്യത്തോടെ ശിഷ്യനെ വളർത്തി. ലോകത്തെ പ്രമുഖ ആലിമുകൾ മർകസിൽ വരുമ്പോൾ അവരുമായി ഇടപഴകാൻ ബസ്വീർ സഖാഫിയെ നിയോഗിച്ചു. പ്രിയ ഗുരുവായ കാന്തപുരം ഉസ്താദിനെക്കുറിച്ചു അറബിയിൽ ദീർഘമായ അതിമനോഹരമായ ഒരു കവിത രചിട്ടുണ്ട് ബസ്വീർ സഖാഫി. ഞങ്ങൾ മർകസിൽ പഠിക്കുമ്പോൾ ഒരു ദിവസം ആ കവിത ക്ലാസിൽ ചൊല്ലിത്തന്നത് ഓര്മ വരുന്നു.

ഇന്ന്, ലോകമറിയുന്ന ഇസ്‌ലാമിക എഴുത്തുകാരനാണ്  ബസ്വീർ സഖാഫി. മർകസ് നോളജ് സിറ്റിയിലെ , അറബി ശരീഅ പഠനത്തിനുള്ള സ്ഥാപനമായ ശരീഅ സിറ്റിയിൽ പ്രധാന അധ്യാപകരിലൊരാളായി അദ്ദേഹം സേവനം ചെയ്യുന്നു. അറബി ഭാഷയിൽ രചന നടത്താൻ കഴിവുള്ള യുവതലമുറയെ വളർത്തിക്കൊണ്ടുവരുന്നതിൽ വ്യാപൃതനാണ് . തുർക്കി, ഈജിപ്ത്, കുവൈത്ത്  തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങളിലേക്ക് അധ്യാപനത്തിനു ക്ഷണിച്ചിട്ടുണ്ടെങ്കിലും , തന്നെ രൂപപ്പെടുത്തിയ മർകസിലും ജന്മ നാട്ടിലും സേവനം ചെയ്യനാണ്‌ താല്പര്യം എന്ന് ബസ്വീർ സഖാഫി പറയുന്നു. മലപ്പുറം മഞ്ചേരിക്കടുത്ത് പിലാക്കൽ സുലൈമാൻ -ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ ഉമ്മു സൽ‍മ. മക്കൾ: മുഹമ്മദ് ലബീബ്, ഫാത്തിമ ജുമാന, മുഹമ്മദ് നജീബ്

Post a Comment

أحدث أقدم