ഗുസ്തി താരവും സഹോദരനും വെടിയേറ്റു മരിച്ചു; വെടിയുതിർത്തത് പരിശീലകൻ




സോനിപ്പത്ത് (ഹരിയാന) ∙ ഗുസ്തി താരമായ നിഷ ദഹിയയും സഹോദരൻ സൂരജും വെടിയേറ്റു മരിച്ചു. ഇവരുടെ അമ്മ  ധൻപതി ഗുരുതരമായി പരുക്കേറ്റ് റോത്തക്കിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, മരിച്ചതു ദേശീയ താരവും 23 വയസ്സിൽ താഴെയുള്ളവരുടെ ലോക ഗുസ്തി ചാംപ്യൻഷിപ്പിലെ മെഡൽ ജേതാവുമായ നിഷ ദഹിയയല്ലെന്ന് അധികൃതർ വ്യക്തമാക്കി. അതേ പേരിലുള്ള മറ്റൊരു താരമാണു കൊല്ലപ്പെട്ടതെന്നു സോനിപ്പത്ത് പൊലീസ് സൂപ്രണ്ട് രാഹുൽ ശർമ പറഞ്ഞു.

സോനിപ്പത്ത് ഹലാൽപുരിലെ സുശീൽ കുമാർ റെസ്‍ലിങ് അക്കാദമിയിലാണു അപകടമുണ്ടായതെന്നാണു വിവരം. സുശീൽകുമാറിന്റെ അക്കാദമിയിൽ നേരത്തെ പ്രവർത്തിച്ചിരുന്നയാൾ അദ്ദേഹത്തിന്റെ പേരിൽ തുടങ്ങിയ അക്കാദമിയാണിത്. 2008 ൽ ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയ സുശീൽകുമാർ ജൂനിയർ ഗുസ്തി താരം സാഗർ ധൻകറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിലാണ്. 

സംഭവം ആദ്യം പുറത്തെത്തിയപ്പോൾ ഇതു ലോകമെഡൽ നേടിയ നിഷ ദഹിയയാണെന്ന ധാരണയിൽ വാർത്തകൾ പ്രചരിച്ചു. ഇതിനു പിന്നാലെ താരം വിശദീകരണവുമായി രംഗത്തെത്തി. 

ഹലാൽപുർ ഗ്രാമത്തിൽനിന്നുള്ള പുതുമുഖ താരമാണു കൊല്ലപ്പെട്ട നിഷയെന്നു ഇന്ത്യൻ ടീം പരിശീലകൻ രൺധീർ മാലിക്കും പറഞ്ഞു. അക്കാദമിയിലെ പരിശീലകനാണു കൃത്യം നടത്തിയതെന്നാണു പ്രാഥമിക വിവരം. 6 റൗണ്ട് വെടിയുതിർത്തുവെന്നും നിഷയും സൂരജും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചുവെന്നുമാണു പൊലീസ് അറിയിച്ചത്

Post a Comment

أحدث أقدم