ടി20 ലോകകപ്പില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയ ഫൈനലില്‍. 177 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡാണ് ഓസ്‌ട്രേലിയയുടെ എതിരാളികള്‍.
സമ്മര്‍ദ്ദം നിറഞ്ഞ ചേസിംഗില്‍ നായകന്‍ ആരോണ്‍ ഫിഞ്ച് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായത് ഓസീസിനെ ഞെട്ടിച്ചു. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയ ഫിഞ്ച് മടങ്ങി. മൂന്നാമനായി ക്രീസിലെത്തിയ മിച്ചല്‍ മാര്‍ഷും ഡേവിഡ് വാര്‍ണറും ഓസീസ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി. റണ്‍ റേറ്റ് കൃത്യമായി പാലിച്ച് ബാറ്റ് വീശിയ ഇരുവരും പവര്‍ പ്ലേയില്‍ ടീം സ്‌കോര്‍ 50 കടത്തിയിരുന്നു. വാര്‍ണര്‍ 49 റണ്‍സും മിച്ചല്‍ മാര്‍ഷ് 28 റണ്‍സും നേടിയാണ് പുറത്തായത്.
സ്റ്റീവ് സ്മിത്തും(5) ഗ്ലെന്‍ മാക്‌സ് വെല്ലും(7) നിരാശപ്പെടുത്തിയപ്പോള്‍ ഓസീസ് അപകടം മണത്തിരുന്നു. എന്നാല്‍ അവസാനം വരെ പോരാടിയ മാര്‍ക്കസ് സ്‌റ്റോയിനിസ് 30 പന്തില്‍ 40 റണ്‍സ് നേടി പുറത്താകാതെ നിന്നു. മറുഭാഗത്ത് മാത്യു വെയ്ഡ് 17 പന്തില്‍ 41 റണ്‍സുമായി സ്‌റ്റോയിനിസിന് ഉറച്ച പിന്തുണ നല്‍കിയതോടെ പാകിസ്ഥാന്റെ വിജയക്കുതിപ്പിനും കിരീട മോഹങ്ങള്‍ക്കും അവസാനമായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് വേണ്ടി ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാനും ബാബര്‍ അസവും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. മുഹമ്മദ് റിസ്വാന്‍ 52 പന്തില്‍ 67 റണ്‍സും ബാബര്‍ അസം 34 പന്തില്‍ 39 റണ്‍സും നേടി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഫഖര്‍ സല്‍മാന്റെ പ്രകടനമാണ് പാകിസ്ഥാന്‍ സ്‌കോര്‍ 170 കടത്തിയത്. 32 പന്തുകള്‍ നേരിട്ട ഫഖര്‍ 3 ബൗണ്ടറികളും 4 സിക്‌സറുകളും സഹിതം പുറത്താകാതെ 55 റണ്‍സ് എടുത്തിരുന്നു.
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് 4 ഓവറില്‍ 38 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തി. പാറ്റ് കമ്മിന്‍സും ആദം സാംപയും ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. ഓസീസ് ബൗളര്‍മാരില്‍ ആദം സാംപ മാത്രമാണ് റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ചിരുന്നത്. 4 ഓവറുകള്‍ പൂര്‍ത്തിയാക്കിയ സാംപ വെറും 22 റണ്‍സ് മാത്രമാണ് വഴങ്ങിയിരുന്നത്.
إرسال تعليق