ടി-2- ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് കോലിയോട് ആവശ്യപ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി ചീഫ് സെലക്ടർ ചേതൻ ശർമ്മ. തീരുമാനം പുനപരിശോധിക്കണമെന്ന് കോലിയോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും താരം അതിനു തയ്യാറായില്ല എന്നും അദ്ദേഹം അറിയിച്ചു. ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും നേരത്തെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. എന്നാൽ, സ്ഥാനം ഒഴിയരുതെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി പിന്നീട് കോലി രംഗത്തുവന്നു. ഇത് പല വിവാദങ്ങൾക്കും വഴിവച്ചിരുന്നു.
“ടി-20 ലോകകപ്പിന് മുമ്പായി നടന്ന ഒരു യോഗത്തിലാണ് ലോകകപ്പിന് ശേഷം ക്യാപ്റ്റൻസി ഒഴിയുമെന്ന് കോലി അറിയിച്ചത്. അത് എല്ലാവർക്കും അമ്പരപ്പായിരുന്നു. കാരണം, അപ്പോൾ ലോകകപ്പിലേക്ക് ദിവസങ്ങൾ മാത്രമേഉണ്ടായിരുന്നുള്ളൂ. തീരുമാനം പുനപരിശോധിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാവരും കോലിയോട് ആവശ്യപ്പെട്ടു. ലോകകപ്പിന് ശേഷം ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കാം എന്നും അദ്ദേഹത്തോട് പറഞ്ഞു. കോലിയുടെ ഈ തീരുമാനം ലോകകപ്പിലെ ടീമിന്റെ പ്രകടനത്തെ ബാധിക്കുമോയെന്ന് ആശങ്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, അദ്ദേഹത്തിൻ്റെ തീരുമാനം മറ്റ് ചിലതായിരുന്നു.”- ചേതൻ ശർമ പറഞ്ഞു.
അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കെഎൽ രാഹുൽ നയിക്കും. പരുക്ക് കാരണം ക്യാപ്റ്റൻ രോഹിത്ത് ശർമ്മയ്ക്ക് ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. ഇപ്പോൾ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിചരണത്തിലുള്ള താരം പൂർണ കായികക്ഷമത വീണ്ടെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെ ക്യാപ്റ്റനാക്കിയത്.
പേസർ ജസ്പ്രീത് ബുമ്രയാണ് ടീമിന്റെ ഉപനായകൻ. വെറ്ററൻ ഓപ്പണർ ശിഖർ ധവാനെ ടീമിലേക്ക് തിരിച്ചുവിളിച്ചു. വെങ്കടേഷ് അയ്യർ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരും ഏകദിന ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് പകരമാണ് വെങ്കടേഷിനെ ടീമിലെടുത്തത്. ഇഷാൻ കിഷനും ഋഷഭ് പന്തുമാണ് വിക്കറ്റ് കീപ്പർമാർ. സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ എന്നിവർ ടീമിൽ സ്ഥാനം നിലനിർത്തി.
ഇന്ത്യൻ ടീം: കെ എൽ രാഹുൽ, ശിഖർ ധവാൻ, ഋതുരാജ് ഗെയ്കവാദ്, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കടേഷ് അയ്യർ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, വാഷിംഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, ആർ അശ്വിൻ, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, ഷാർദുൽ ഠാക്കൂർ, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹർ.
إرسال تعليق