5 ഓവറിൽ മൂന്ന് വിക്കറ്റുമായി താക്കൂർ; ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച





ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് എന്ന നിലയിലാണ്. ഒരു വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ തുടരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശർദ്ദുൽ താക്കൂറാണ് തകർത്തത്. 62 റൺസെടുത്ത കീഗൻ പീറ്റേഴ്സൺ ആണ് പ്രോട്ടീസ് ഇന്നിംഗ്സ് നയിച്ചത്.





രണ്ടാം ദിനം ആരംഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലായിരുന്നു. ഇന്ത്യൻ പേസ് ആക്രമണത്ത ഫലപ്രദമായി നേരിട്ട കീഗൻ പീറ്റേഴ്സൺ-ഡീൻ എൽഗർ സഖ്യം 74 റൺസിൻ്റെ മികച്ച കൂട്ടുകെട്ടുയർത്തി. ഇതിനിടെ കീഗൻ പീറ്റേഴ്സൺ തൻ്റെ ആദ്യ ടെസ്റ്റ് ഫിഫ്റ്റി തികയ്ക്കുകയും ചെയ്തു. വിക്കറ്റൊന്നും എടുക്കാൻ കഴിയാതെ സമ്മർദ്ദത്തിലായ ഇന്ത്യയ്ക്ക് താക്കൂർ ആണ് ബ്രേക്ക്‌ത്രൂ സമ്മാനിച്ചത്. ഇന്നിംഗ്സിലെ രണ്ടാം ഓവറിൽ എൽഗറിനെ (28) പുറത്താക്കി കൂട്ടുകെട്ട് തകർത്ത താക്കൂർ പീറ്റേഴ്സണെയും (62) വാൻ ഡർ ഡസ്സനെയും (1) തുടർ ഓവറുകളിൽ മടക്കിഅയച്ച് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകി. നിലവിൽ തെംബ ബാവുമയും കെയിൽ വെറെയ്നെയുമാണ് ക്രീസിൽ.





ഇന്ത്യ 202 റൺസിന് ഓൾഔട്ട് ആയിരുന്നു. താത്കാലിക ക്യാപ്റ്റൻ ലോകേഷ് രാഹുൽ (50) ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. അശ്വിൻ 46 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ ജെൻസൺ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ കഗീസോ റബാഡയും ഡുവാൻ ഒലിവിയറും 3 വിക്കറ്റ് വീഴ്ത്തി.



Post a Comment

أحدث أقدم