തിരിച്ചടിച്ച് യുക്രൈന്‍; 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു, 6 യുദ്ധവിമാനങ്ങള്‍ തകര്‍ത്തു





വിമതര്‍ക്കൊപ്പം ഒരു പട്ടണത്തിന് നേരെ റഷ്യ നടത്തിയ ആക്രമണത്തെ ചെറുക്കുന്നതിനിടെ റഷ്യയുടെ 50 ഓളം സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രെയ്നിന്റെ സൈനിക കമാന്‍ഡ് അറിയിച്ചു. കിഴക്കന്‍ നഗരമായ കാര്‍ക്കീവിന് സമീപം നാല് റഷ്യന്‍ ടാങ്കുകളും തകര്‍ത്തു. മറ്റൊരു റഷ്യന്‍ വിമാനത്തെ ക്രാമാറ്റോര്‍സ്‌കില്‍ തകര്‍ത്തുവെന്നും സായുധ സേനയുടെ ജനറല്‍ സ്റ്റാഫ് ട്വീറ്റ് ചെയ്തു. 40 യുക്രൈന്‍ സൈനികരും കൊല്ലപ്പെട്ടതായി യുക്രൈന്‍ വ്യക്തമാക്കിയതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.





വിമതമേഖലയായ ലുഹാന്‍സ്‌കില്‍ ഉള്‍പ്പെടെ ആറ് റഷ്യന്‍ യുദ്ധവിമാനങ്ങളും ഒരു റഷ്യന്‍ ഹെലികോപ്റ്ററും വെടിവച്ച് വീഴ്ത്തിയെന്ന് യുക്രെയ്ന്‍ സൈന്യം അറിയിച്ചതായി വാര്‍ത്താ എജന്‍സി റോയിട്ടേഴ്‌സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവിധയിടങ്ങളില്‍ അതിഭീകരമായ തുടര്‍ സ്‌ഫോടനങ്ങള്‍ നടന്നതോടെയാണ് യുക്രെയ്ന്‍ തിരിച്ചടിക്കാന്‍ തുടങ്ങിയത്. റഷ്യയാണ് ഏകപക്ഷീയമായ ആക്രമണം തുടങ്ങിവച്ചതെന്നും ആരും ഒളിച്ചോടാന്‍ പോകുന്നില്ലെന്നും. യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു. ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും അദ്ദേഹം അറിയിച്ചു.





യുക്രൈനില്‍ പട്ടാള നിയമം നിലവില്‍ വന്നു. ആയുധങ്ങള്‍ കൈവശമുള്ളവര്‍ക്ക് സൈന്യത്തിന്റെ ഭാഗമാകണമെന്ന് യുക്രൈന്‍ പ്രസിഡന്റ് ഉത്തരവിട്ടു. യുക്രൈനില്‍ റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് പ്രതിരോധിക്കുകയാണ് യുക്രൈന്‍. യുക്രൈന്റെ സൈന്യവും റഷ്യയ്ക്കെതിരെ ചടുലമായ നീക്കമാണ് നടത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നതിന് വേണ്ടി ആയുധങ്ങള്‍ കൈവശമുള്ള ഏതൊരു വ്യക്തിയ്ക്കും രാജ്യത്തിന്റെ ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സില്‍ ചേരാമെന്നാണ് പ്രതിരോധ മന്ത്രി ഒലക്സി റെസ്നികോവും വ്യക്തമാക്കി.





യുക്രൈന്‍ സായുധ സേനയുടെ കരുതല്‍ സൈന്യമാണ് ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സ്. ഇതില്‍ സൈനികര്‍ക്കും അതേപോലെ സാധാരണക്കാര്‍ക്കും അംഗമാകാന്‍ സാധിക്കും. യുക്രൈന്റെ പ്രധാന സൈന്യത്തിന് ചില അവശ്യഘട്ടങ്ങളില്‍ സേവനം നല്‍കുക എന്നതാണ് ഇവരുടെ പ്രധാന കര്‍ത്തവ്യം. നിലവില്‍ രാജ്യത്തെ സങ്കീര്‍ണ സാഹചര്യം പരിഗണിച്ചാണ് പ്രതിരോധ മന്ത്രി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.





ഇന്ന് പുലര്‍ച്ചെയാണ് യുക്രൈനില്‍ ആക്രമണം നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉത്തരവിട്ടത്. യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് പുടിന്‍ സൈനിക നടപടി പ്രഖ്യാപിച്ചത്. യുക്രൈനിലെ സൈനിക നടപടി അനിവാര്യമാണെന്ന് പറഞ്ഞ പുടിന്‍ നാറ്റോ വിപുലീകരണത്തിന് യുക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.

Post a Comment

أحدث أقدم