നെയ്യാറ്റിൻകര: രോഗമെന്തെന്നു തിരിച്ചറിയാനാകാതെ വർഷങ്ങളായി അസഹ്യമായ വയറുവേദന അനുഭവിച്ച ബാലിക അർബുദം ബാധിച്ച് മുടി നഷ്ടപ്പെട്ട സമപ്രായക്കാരിക്കു തന്റെ മുടി പൂർണമായി മുറിച്ചു നൽകി. വയറിനു ഗുരുതരമായ അസുഖം ബാധിച്ചു ചികിത്സയിൽ കഴിയുന്ന മാരായമുട്ടം തത്തിയൂർ നിരപ്പിൽ ഗോവിന്ദത്തിൽ ഭദ്ര (14) ആണ് മുടി മുറിച്ചുനൽകി പ്രിയങ്കരിയായത്.
മണികണ്ഠന്റെയും ശ്രീകലയുടെയും ഏകമകളാണ്. അമരവിള എൽഎംഎസ് ഹൈസ്കൂളിൽ പഠിക്കുന്ന ഭദ്ര കുട്ടിക്കാലം മുതലേ രോഗിയാണ്. ഒട്ടേറെ ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും യഥാർഥ കാരണമെന്തെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രി സർജറി വിഭാഗത്തിൽ ചികിത്സയിലാണ്.
മെഡിക്കൽ ബോർഡ് ചേർന്ന് ശസ്ത്രക്രിയ വിധിച്ചെങ്കിലും കൃത്യമായി അസുഖം കണ്ടെത്താൻ കഴിയാത്തത്തതിനാൽ അതും മാറ്റിവച്ചതാണ് ഇപ്പോഴത്തെ നില.ചികിത്സയും പഠനവും ആയി മുന്നോട്ടു പോകുന്നതിനിടെയാണ് അർബുദ ചികിത്സ മൂലം മുടി നഷ്ടപ്പെട്ട പെൺകുട്ടിയുടെ വിവരം ഭദ്ര അറിയുന്നത്. തന്നെക്കാൾ വേദന അനുഭവിക്കുന്ന പെൺകുട്ടിക്ക് സന്തോഷം നൽകാൻ കഴിഞ്ഞതിലുള്ള തൃപ്തി ഭദ്രയ്ക്കുണ്ട്. ഡോക്ടർ ആകണമെന്നതും സുരേഷ് ഗോപിയെ നേരിൽ കാണണമെന്നതുമാണ് ഭദ്രയുടെ രണ്ട് ആഗ്രഹങ്ങൾ. കൂലിപ്പണിക്കാരനായ പിതാവ് മണികണ്ഠന് ഇതു കേൾക്കുമ്പോൾ ചിരി.
ചികിത്സയ്ക്കായി ഇവർ കയറിയിറങ്ങാത്ത ആശുപത്രികളില്ല, കാണാത്ത ഡോക്ടർമാരില്ല. അതിനിടയിൽ എങ്ങനെ മകളുടെ ആഗ്രഹം സാധിച്ചു നൽകും എന്ന സംശയമാണ് ആ പുഞ്ചിരിക്കു പിന്നിലെന്നു ഭദ്രയ്ക്കറിയാം. മറ്റുള്ളവരുടെ വേദനകൾ അറിയുന്ന അവൾക്കു പക്ഷേ, പരിഭവമില്ല.
إرسال تعليق