പിറന്നുവീണതിനു പിന്നാലെ മകൾ മരിച്ചു; കണ്ണീരോടെ താരം ക്രീസിലേക്ക്; സെഞ്ചുറി






കാത്തിരിപ്പിനൊടുവിൽ പിറന്ന മകളുടെ മരണത്തിനും വിഷ്ണു സോളങ്കിയെന്ന ബറോഡ ബാറ്ററെ തളർത്താനായില്ല. പിറന്നുവീണതിനു പിന്നാലെ മരണത്തിനു കീഴടങ്ങിയ പിഞ്ചുമകളുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്ത് ദിവസങ്ങൾക്കുള്ളിൽ കളത്തിൽ തിരിച്ചെത്തിയ വിഷ്ണു സോളങ്കിക്ക്, ചണ്ഡിഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ സെഞ്ചുറിത്തിളക്കം. ഭുവനേശ്വറിലെ വികാഷ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ചണ്ഡിഗഡിനെതിരെ സെഞ്ചുറിയുമായി സോളങ്കി അസാമാന്യ കരുത്തു കാട്ടിയത്.





ചണ്ഡിഗഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 168 റൺസ് പിന്തുടർന്ന് ഇറങ്ങിയ ബറോഡയ്ക്കായി, അഞ്ചാം നമ്പറിൽ ബാറ്റിങ്ങിനെത്തിയാണ് സോളങ്കി സെഞ്ചുറി നേടിയത്. 165 പന്തുകൾ നേരിട്ട സോളങ്കി 12 ഫോറുകളോടെ അകമ്പടിയോടെ നേടിയത് 104 റൺസ്. ഏതാനും ദിവസം മുൻപ് മരണത്തിനു കീഴടങ്ങിയ പിഞ്ചുമകൾക്ക്, ഹൃദയം തകർന്ന് ഒരു അച്ഛന്റെ സ്മരണാഞ്ജലി! സോളങ്കിയുടെ സെഞ്ചുറിക്കരുത്തിൽ 132.2 ഓവറിൽ 517 റൺസെടുത്ത ബറോഡ, 349 റൺസിന്റെ നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡും നേടി.





ചണ്ഡിഗഡിനെതിരായ മത്സരത്തിനായി ഭുവനേശ്വറിലെത്തിയപ്പോഴാണ് മകളുടെ മരണവാർത്ത വിഷ്ണു സോളങ്കിയെ തേടിയെത്തിയത്. ഇതോടെ വഡോദരയിലേക്ക് തിരിച്ചുപോയ സോളങ്കി സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു. എന്നാൽ, മൂന്നു ദിവസത്തിനുശേഷം ബറോഡയ്ക്കായി രഞ്ജി കളിക്കാൻ അദ്ദേഹം ഭുവനേശ്വറിലേക്കു തിരിച്ചെത്തുകയായിരുന്നു.
വിഷ്ണു സോളങ്കിയുടെ അസാമാന്യ മനക്കരുത്തിനെക്കുറിച്ച് സൗരാഷ്ട്ര താരം ഷെൽഡൺ ജാക്സൻ ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
‘എന്തൊരു താരമാണ് ഇയാൾ! എനിക്കറിയാവുന്നതിൽ വച്ച് ഏറ്റവും കാഠിന്യമുള്ള കളിക്കാരൻ. വിഷ്ണുവിനും കുടുംബത്തിനും വലിയൊരു സല്യൂട്ട്. ഒരു തരത്തിലും ഇതത്ര അനായാസമല്ല എന്നറിയാം. കൂടുതൽ സെഞ്ചുറികളും വിജയങ്ങളും നേടട്ടെ എന്ന് ആശംസിക്കുന്നു’ – ജാക്സൺ കുറിച്ചു.





‘ഇത് ഏതാനും ദിവസങ്ങൾക്കു മുൻപ് പിറന്ന മകളെ നഷ്ടപ്പെട്ടൊരു ക്രിക്കറ്റ് താരത്തിന്റെ കഥയാണ്. മകളുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തശേഷം തിരിച്ചെത്തി ടീമിനായി സെഞ്ചുറി നേടുന്നു. അദ്ദേഹത്തിന്റെ പേര് സമൂഹമാധ്യമങ്ങളിൽനിന്ന് ‘ലൈക്കു’കൾ വാരിക്കൂട്ടില്ലായിരിക്കാം. പക്ഷേ, എന്നെ സംബന്ധിച്ച് വിഷ്ണു സോളങ്കിയാണ് യഥാർഥ ജീവിതത്തിലെ ഹീറോ. വലിയൊരു പ്രചോദനവും’ – ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സിഇഒ ശിശിർ ഹട്ടൻഗാഡി ട്വീറ്റ് ചെയ്തു.


Post a Comment

أحدث أقدم