‘സിമി’ സംഘടന നിരോധിക്കപ്പെട്ടശേഷം പ്രവർത്തകർ ‘ഇന്ത്യൻ മുജാഹിദീൻ’ എന്ന പേരിൽ വീണ്ടും സംഘടിച്ചെന്നും സ്ഫോടനപരമ്പര നടത്തിയെന്നുമാണു കുറ്റപത്രത്തിലുള്ളത്. 2002ലെ ഗുജറാത്ത് കലാപത്തിനു പ്രതികാരമായാണു സ്ഫോടനങ്ങൾ നടത്തിയതെന്നും പറഞ്ഞിരുന്നു. ഇന്ത്യൻ മുജാഹിദീനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് 2010 ജൂണിൽ കേന്ദ്ര സർക്കാർ നിരോധിച്ചു. സംഘടനയെ നിയന്ത്രിക്കുന്നത് പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയാണെന്നും അന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
നിലവിൽ ഗുജറാത്ത് ഡിജിപിയായ ആശിഷ് ഭാട്ടിയ നേതൃത്വം നൽകിയ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘമാണു സ്ഫോടനപരമ്പരക്കേസ് അന്വേഷിച്ചത്. 2009 ഡിസംബറിൽ വിചാരണ തുടങ്ങി. ഇക്കഴിഞ്ഞ ഫെബ്രുവരി 8നു കോടതി 49 പേർ കുറ്റക്കാരെന്നു വിധിച്ചു. 7000 പേജിലേറെയുള്ളതാണ് വിധിന്യായം. പ്രതികളിൽ അഹമ്മദാബാദിലെ വട്‌വയിൽനിന്നുള്ള അയ്യാസ് സയീദ് എന്നയാൾ മാപ്പുസാക്ഷിയായി. കേസിൽ വിട്ടയയ്ക്കപ്പെട്ട 28 പേരിൽ 3 പേർക്കെതിരെ രക്ഷപ്പെടാൻ ശ്രമിച്ചതിന്റെ പേരിലുള്ള കേസ് തുടരും.
മകന് തൂക്കുകയർ; പിതാവിന് മോചനം
സ്ഫോടനപരമ്പരക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഷറഫുദ്ദീന്റെ പിതാവ് സൈനുദ്ദീൻ എന്ന സത്താർ ഭായിയും ഇതേ കേസിൽ പ്രതിയായിരുന്നെങ്കിലും വിട്ടയയ്ക്കപ്പെട്ടു. ഷറഫുദ്ദീൻ ഏറെക്കാലം കൊണ്ടോട്ടിയിൽ റേഡിയോ റിപ്പയറിങ് കട നടത്തിയിരുന്നു. പെരുവള്ളൂരിലും കൊണ്ടോട്ടിയിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. എസ്എസ്എൽസിക്ക് ഒന്നാം ക്ലാസ് ഉണ്ടായിരുന്നെങ്കിലും തുടർന്നു പഠിച്ചില്ല.
പ്രധാന വധശിക്ഷാ വിധികൾ
രാജ്യത്ത് മുൻപ് ഏറ്റവും കൂടുതൽ പേർക്കു വധശിക്ഷ വിധിക്കപ്പെട്ട അഞ്ചു കേസുകൾ ഇവ:
∙ രാജീവ് ഗാന്ധി വധക്കേസിൽ കുറ്റക്കാരെന്നു കണ്ട 26 പ്രതികൾക്കും ടാഡാ കോടതി വധശിക്ഷ വിധിച്ചു (1998 ജനുവരി 28). അപ്പീലിൽ 7 പേരുടെ ശിക്ഷ ജീവപര്യന്തരമാക്കിയ സുപ്രീം കോടതി, മറ്റു 19 പേരെ വിട്ടയച്ചു.
∙ ബിഹാറിലെ ജഹാനാബാദിൽ 1997 ഡിസംബർ ഒന്നിന് 58 ദലിതരെ കൂട്ടക്കൊല ചെയ്‌ത കേസിലെ 16 പ്രതികൾക്കു ജില്ലാ കോടതി വധശിക്ഷ വിധിച്ചു (2010 ഏപ്രിൽ 7). പട്ന ഹൈക്കോടതി 16 പേരെയും വിട്ടയച്ചു.
∙ 1993 മുംബൈ സ്‌ഫോടനപരമ്പരക്കേസിൽ 12 പേർക്കു 2007ൽ ടാഡാ കോടതി വധശിക്ഷ വിധിച്ചു (2007 ജൂലൈ 25). അപ്പീലിൽ ഇതു മൂന്നു പേർക്കായി ചുരുങ്ങി. ഇവരിൽ യാക്കൂബ് മേമന്റെ വധശിക്ഷ 2015ൽ നടപ്പായി.
∙ കർണാടക, ഗോവ, ആന്ധ്രപ്രദേശ് സംസ്‌ഥാനങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളിൽ 2000 ജൂൺ, ജൂലൈ മാസങ്ങളിൽ നടന്ന സ്‌ഫോടനങ്ങളിൽ 11 പ്രതികൾക്കു സെഷൻസ് കോടതി വധശിക്ഷ വിധിച്ചു (2008 നവംബർ 29).
∙ 2002 ജനുവരി 22നു കൊൽക്കത്തയിലെ അമേരിക്കൻ സെന്റർ ആക്രമിച്ച് അഞ്ചു പൊലീസുകാരെ വധിച്ച കേസിൽ ദുബായ് ആസ്‌ഥാനമാക്കിയ അധോലോകത്തലവൻ അഫ്‌താബ് അൻസാരിയടക്കം ഏഴു പ്രതികൾക്കു വധശിക്ഷ (2005 ഏപ്രിൽ 27). ഇതിൽ രണ്ടുപേരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി.
إرسال تعليق