ഭാര്യയ്ക്ക് കാണേണ്ടെന്ന് പറഞ്ഞു; പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കി യുവാവ്; ആത്മഹത്യാഭീഷണി




എടപ്പാളിൽ മദ്യലഹരിയിൽ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത് പൊലീസിനെയും നാട്ടുകാരെയും മണിക്കൂറുകളോളം വട്ടംകറക്കി. ഇന്നലെ വൈകിട്ട് എടപ്പാൾ മേൽപാലത്തിൽ ആയിരുന്നു സംഭവം. ഇടുക്കി സ്വദേശിയും എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരനുമായ യുവാവ് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭാര്യയെ കാണാൻ കഴിഞ്ഞ ദിവസം എത്തിയത്. എന്നാൽ ഇവർ കാണാൻ വിസമ്മതിക്കുകയായിരുന്നത്രേ. 




ഇതേത്തുടർന്ന് എടപ്പാൾ ഗോവിന്ദ ടാക്കീസിന് സമീപം എത്തിയ യുവാവ് മദ്യലഹരിയിൽ റോഡിൽ കിടക്കുകയും വാഹനങ്ങൾ തടഞ്ഞു വയ്ക്കുകയും ചെയ്തു. പിന്നീട് വാഹനത്തിൽ കയറി എടപ്പാൾ ടൗണിൽ എത്തി. സ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡ് ചന്ദ്രനും ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് വാഹനത്തിൽ കയറ്റി പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ഇവരെ ആക്രമിച്ചു. 




പാലത്തിൽ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കി. ആംബുലൻസുകൾ ഉൾപ്പെടെ വാഹനങ്ങൾ മുന്നോട്ടു പോകാൻ കഴിയാതെ കുരുക്കിൽ അകപ്പെട്ടതോടെ ചങ്ങരംകുളം എസ്ഐ ഒ.പി.വിജയകുമാർ സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാത്രിയോടെ ബന്ധുക്കളെ വിളിച്ചു വരുത്തി പറഞ്ഞുവിട്ടു.

Post a Comment

أحدث أقدم