അഴികളില്ലാത്ത ജയില്‍; 'താമസക്കാര്‍'ക്ക് വര്‍ക്​ഷോപ്പുകളും ജിമ്മും ഗെയിമുകളും SNEWS




ജയിലെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരുപക്ഷെ ആദ്യം മനസ്സിലേക്ക് വരുന്നത് അഴികളായിരിക്കും. എന്നാല്‍ അഴികള്‍ക്ക് പകരം ജനലുകളുള്ള, തടവുകാരെ 'താമസക്കാര്‍' എന്ന് വിളിക്കുന്ന ഒരു ജയിലുണ്ട്. യുകെയിലെ ആദ്യത്തെ മെഗാ ജയിലാണ്  എച്ച്എംപി ഫൈവ് വെല്‍സ്. യുകെയിലെ നാല് പരിസ്ഥിതി സൗഹൃദ ജയിലുകളിലൊന്നാണ് നോര്‍ത്താംപ്ടണ്‍ഷെയറിലുള്ള ഈ ജയില്‍. അഴികള്‍ക്ക് പകരം ജനാലകളാക്കി ഒരു ഹോസ്റ്റല്‍ മുറി പോലെയാണ് സെല്ലുകള്‍.





ഇതിന് പുറമെ, 24 തരം വര്‍ക്​ഷോപ്പുകളും, ജിമ്മും, മറ്റു പല വിനോദപരിപാടികളും ജയിലിലുണ്ട്. കൂടാതെ കുടുംബങ്ങളുള്ള അന്തേവാസികൾക്ക് അവരുടെ കുട്ടികളുടെ പഠനകാര്യങ്ങളില്‍ സഹായിക്കാനും അനുവാദമുണ്ട്. ഒരു ഹോംവർക്ക് ക്ലബ്ബും കളിസ്ഥലവും ഉൾപ്പെടുന്ന ഒരു കുടുംബ വിഭാഗവുമുണ്ട്. കുട്ടികളുടെ സ്കൂളിലെ പരിപാടികളില്‍ വിഡിയോ കോളിലൂടെ മാതാപിതാക്കള്‍ക്ക് പങ്കെടുക്കുകയും ചെയ്യാം. മാത്രമല്ല, എല്ലാ അന്തേവാസികൾക്കും പങ്കെടുക്കാന്‍ ചെയ്യാൻ കഴിയുന്ന ഒരു 'പെറ്റ് തെറാപ്പി' പരിപാടിയുമുണ്ട്. 





കഴിഞ്ഞ മാസമാണ് ഇവിടെ ആ‍ദ്യത്തെ അന്തേവാസിയെത്തിയത്. എന്നാല്‍ ഈ മാസം അന്തേവാസികളുടെ എണ്ണം 137 ആയി. 1,700 തടവുകാരെയും 700 ജീവനക്കാരെയും ഇവിടെ പാർപ്പിക്കാനാകും. ജോൺ മക്​ലാഫ്ലുന്‍ ആണ് ജയിലിന്‍റെ ചുമതല. താമസക്കാര്‍ക്ക് ജയില്‍വാസത്തിന് ശേഷമുള്ള ജീവിതത്തിലേക്കുള്ള മാറ്റം എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. താമസക്കാരുടെ മനോഭാവം മാറ്റുന്നതിലൂടെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. ''ഇത് ഒരു പുനരധിവാസമാണ‌്.





ഒരുപാട് നല്ല കാര്യങ്ങള്‍ ഇവിടെ നടത്തുന്നുണ്ട്. നല്ല ആശയങ്ങളിലൂടെ അന്തേവാസികള്‍ക്ക് നല്ല ശീലങ്ങൾ നൽകുക എന്നതാണ് ലക്ഷ്യം. ഒരാള്‍ക്ക് അയാളുടെ ഏറ്റവും നല്ല വ്യക്തിത്വത്തിലേക്ക് എത്താന്‍ ഈ ചുവടുവയ്പ്പ് ഒരു പ്രോത്സാഹനമാകും'' മക്​ലാഫ്ലുന്‍ പറയുന്നു. എന്നാല്‍ തടവുകാരെ താമസക്കാരെന്ന് അഭിസംബോധന ചെയ്യുന്ന പുതിയ രീതിയെ ചൊല്ലി പല വിമര്‍ശനങ്ങളും വന്നിരുന്നു. 

Post a Comment

أحدث أقدم