ആവേശത്തിന്‍റെ, ആരോപണ പ്രത്യാരോപണങ്ങളുടെ കൊടുമുടിയേറിയ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് മാരത്തണിന് നാളെ അവസാനമാകും. വാരാണസി ഉൾപെടെ 54 മണ്ഡലങ്ങൾ ഏഴാം ഘട്ടത്തിൽ വിധി എഴുതുമ്പോഴും സംസ്ഥാനത്ത് ആർക്കാണ് മുൻതൂക്കം എന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥയിൽ ആണ് രാഷ്ടീയ നിരീക്ഷകർ. മത്സരത്തിന്‍റെ വീറും വാശിയും പ്രചരണത്തിൻ്റെ അവസാന ഘട്ടത്തിലും പ്രകടം. വാരാണസി ആണ് അവസാനഘട്ടത്തിന്‍റെ ശ്രദ്ധാകേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ അഖിലേഷ് യാദവ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരെല്ലാം വാരണാസി കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം നടത്തിയത്.
സമാജ്‌വാദി പാർട്ടിയുടെ ശക്തി കേന്ദ്രമായ അഖിലേഷ് യാദവിൻ്റെ ലോക്സഭാ മണ്ഡലം ഉൾപ്പെടുന്ന അസംഗഡും നാളെ പോളിങ് ബൂത്തിൽ എത്തും. കഴിഞ്ഞ തവണ ബിഎസ്പി ജില്ലയിൽ മികച്ച പ്രകടനം നടത്തിയിരുന്നു. ഈ വോട്ടുകൾ നിലനിർത്താൻ ബിഎസ്പിക്ക് കഴിയുമോ എന്നത് നിർണായകമായിരിക്കും. അവസാന ഘട്ടത്തിൽ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്നത് മൗഉ, ഗാസിപൂർ, മീർസാപൂർ തുടങ്ങിയ യാദവേതര ഒബിസി വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മേഖലകളിൽ ആണ്.
ഓംപ്രകാശ് രാജ്ബറിൻ്റെ എസ്.ബി.എസ്.പി ബിജെപിയെ ഉപേക്ഷിച്ച് എസ്.പിയുമായി സഖ്യം രൂപീകരിച്ചതോടെ പല മണ്ഡലങ്ങളിലും നടക്കുന്നത് അപ്രവചനീയ പോരാട്ടം. പോളിങ് നടക്കുന്ന 54ൽ 34ലും 2017ൽ ജയിച്ചത് ബിജെപി ആയിരുന്നു. 2017നേക്കാൾ മത്സരം കടുത്തത് അതിനാൽ അധികാരം നിലനിർത്താൻ ബിജെപിക്ക് ഈ പ്രകടനം ആവർത്തിച്ചേ മതിയാകൂ.
إرسال تعليق