പുതിയ മുഖവുമായി കെഎസ്ആർടിസി; ആഡംബര ബസുകൾ പുറത്തിറങ്ങി






കെ.എസ്.ആര്‍.ടി.സിയുടെ ആഡംബര ബസുകള്‍ തിരുവനന്തപുരത്തെത്തി. പുതുതായി രുപീകരിച്ച സ്വിഫ്റ്റ് കമ്പനിയുടെ പേരിലുള്ള ഈ ബസുകള്‍ ദീര്‍ഘദൂര സര്‍വീസിനാണ് ഉപയോഗിക്കുന്നത്. എട്ടു വോള്‍വോ സ്ലീപ്പര്‍ ബസുകളാണ് ഈ മാസം എത്തുന്നത്.





കെ.എസ്.ആര്‍.ടി.സി ബസുകളുടെ ഇതുവരെ കണ്ട മുഖമല്ല പുതിയ ബസുകള്‍ക്കുള്ളത്. ഇരുന്നും കിടന്നും യാത്ര ചെയ്യാവുന്നതാണ് പുതിയ എ.സി ,നോണ്‍ എ.സി സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ ബസുകള്‍. മാത്രമല്ല യാത്രക്കാരുടെ പെട്ടിയും ബാഗും കയറ്റാന്‍ ഡ്രൈവറും കണ്ടക്ടറും സഹായിക്കും. ബസിനകത്ത് കയറിയാല്‍ പുതപ്പും വെള്ളവും നല്‍കും.





 ആഡംബരത്തിലേക്ക് മാറുമ്പോള്‍ ടിക്കറ്റ് നിരക്കിലും  ആ ഉയര്‍ച്ച ഉണ്ടാകും .  ടിക്കറ്റ് ചാര്‍ജ് ഉടന്‍ കെ.എസ്.ആര്‍.ടി.സി പ്രഖ്യാപിക്കും. ദീര്‍ഘ ദൂരയാത്രകള്‍ക്കായി സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരാണ് ലക്ഷ്യം. ബസ് ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ ഡ്രൈവറുടെ പണി പോകും.വോള്‍വോ ഷാസിയില്‍ വോള്‍വോ തന്നെ ബോഡി നിര്‍മിച്ചതാണ്  കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ച  എട്ടു സ്ലീപ്പര്‍ ബസുകളും. ഇതിനു പുറമേ അത്യാധുനിക ശ്രേണിയിലുള്ള 100 പുത്തന്‍ ബസുകളും ഉടന്‍ സ്വിഫ്റ്റിനു കീഴിലെത്തും. 7 വര്‍ഷം പിന്നിട്ട 704 ബസുകള്‍ ഘട്ടംഘട്ടമായി മാറ്റുന്നതിനു മുന്നോടിയാണ് പുതിയ നീക്കം.




ദീര്‍ഘ ദൂര സര്‍വീസുകള്‍ ഇനി സ്വിഫ്റ്റ് കമ്പനിയ്ക്കു കീഴിലായിരിക്കും നടത്തുക. കെ.എസ്.ആര്‍.ടി.സി –സ്വിഫ്റ്റിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്കുള്ള നിയമന നടപടിയുടെ ഭാഗമായുള്ള റാങ്ക് പട്ടിക ഈ ആഴ്ച പ്രസിദ്ധീകരിക്കും. ഇവര്‍ക്കു പരിശീലനവും നല്‍കിയ ശേഷമായിരിക്കും സര്‍വീസ് തുടങ്ങുക

Post a Comment

أحدث أقدم