ഗർഭച്ഛിദ്രത്തിന് പിന്നാലെ കടുത്ത വയറുവേദന; പരിശോധനയിൽ കണ്ടത്..?; പരാതി




ഗർഭച്ഛിദ്രം നടത്താൻ ആശുപത്രിയിൽ പോയ 30–കാരിക്ക് അനുവാദമില്ലാതെ വന്ധ്യംകരണത്തിന് വിധേയയാക്കി ഡോക്ടർമാർ. റെയില്‍വേ സുരക്ഷാ സേനയിലെ ജീവനക്കാരന്റെ ഭാര്യയെയാണ് മുന്‍കൂട്ടി അനുമതി വാങ്ങാതെ റെയില്‍വേ ആശുപത്രിയില്‍ വന്ധ്യംകരണത്തിന് വിധേയമാക്കിയതെന്നാണ് പരാതി. 




ആഗ്രയിലെ റെയില്‍വേ ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്കെതിരെ യുവതിയുടെ ഭര്‍ത്താവ് യോഗേഷ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആഗ്ര ഡിവിഷന്‍ റെയില്‍വേ അഡ്മിനിസ്‌ട്രേഷന്‍ മൂന്നംഗ സമിതിക്ക് രൂപം നല്‍കി. യുവതി മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു പതിവായി പരിശോധന നടത്തിയിരുന്നത്.



അടുത്തിടെ നടത്തിയ പരിശോധനയില്‍ ഗര്‍ഭസ്ഥശിശുവിന് ഹൃദയമിടിപ്പ് ഇല്ലെന്നും ഗര്‍ഭച്ഛിദ്രം നടത്താനും ഡോക്ടര്‍ ഉപദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ ആശുപത്രിയിലും പരിശോധന നടത്തി. അവിടെയും ഡോക്ടര്‍മാര്‍ സമാനമായ നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. ഇതനുസരിച്ച് ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതി വയറ്റില്‍ കടുത്ത വേദന അനുഭവപ്പെടുന്നതായി പരാതിപ്പെട്ടു.



യുവതിക്ക് നടക്കാന്‍ പോലും കഴിയാത്ത വേദനയാണ് അനുഭവപ്പെട്ടത്. വിദഗ്ധ പരിശോധനയിലാണ് യുവതിക്ക് ഗര്‍ഭച്ഛിദ്രത്തിനൊപ്പം വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തിയതായും വ്യക്തമായതെന്ന് പരാതിയില്‍ പറയുന്നു. ആശുപത്രി അധികൃതര്‍ തെറ്റ് സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവം ഒളിപ്പിക്കാൻ ആശുപത്രി അധികൃതര്‍ ശ്രമിച്ചതായും അപമര്യാദയായി പെരുമാറിയതായും യോഗേഷ് ആരോപിക്കുന്നു.



ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തെ രോഗിയുടെ ഫയല്‍ കാണിക്കാന്‍ പോലും അവര്‍ തയ്യാറായില്ല. സംഭവത്തിൽ നാല് ഡോക്ടര്‍മാർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് യോഗേഷ് പറയുന്നു. പൊലീസും ഡോക്ടർമാരുടെ വീഴ്ച സമ്മതിച്ചിട്ടുണ്ട്. 

Post a Comment

أحدث أقدم