കളത്തിലെ വൈരം മറന്നു; പാക് നായികയുടെ കുഞ്ഞിനെ ഓമനിച്ച് ഇന്ത്യൻ താരങ്ങൾ; വിഡിയോ






ക്രിക്കറ്റ് കളത്തിലെ സർവ വൈരവും മറന്ന് ആവേശപ്പോരാട്ടത്തിനു പിന്നാലെ ഇന്ത്യൻ താരങ്ങൾ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബിസ്മ മറൂഫിന്റെ ആറു മാസം പ്രായമുള്ള മകൾ കുഞ്ഞു ഫാത്തിമയെ ലാളിക്കുന്ന ദൃശ്യങ്ങൾ ക്രിക്കറ്റ് ആരാധകരെ മാത്രമല്ല ഏവരെയും ആകർഷിച്ച ദൃശ്യങ്ങളായിരുന്നു. എത്ര സുന്ദരമായ നിമിഷങ്ങളെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും ട്വിറ്ററിൽ കുറിച്ചിട്ടു.





മൗണ്ട് മൗംഗനൂയിയിലെ ബേ ഓവലിൽ നടന്ന മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ അനായാസ വിജയം നേടിയിരുന്നു. സ്മൃതി മന്ഥന (52), സ്നേഹ് റാണ (53 നോട്ടൗട്ട്), പൂജ വസ്ത്രകർ (67) എന്നിവരുടെ മികവിൽ 50 ഓവറിൽ 7ന് 244 റൺസ് നേടിയ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ 43 ഓവറിൽ 137ൽ പുറത്തായി. 4 വിക്കറ്റെടുത്ത രാജേശ്വരി ഗെയ്ക്‌‌വാദ് ബോളിങ്ങിൽ തിളങ്ങി. പൂജയാണു പ്ലെയർ ഓഫ് ദ് മാച്ച്. വിക്കറ്റ് കീപ്പർ റിച്ച ഘോഷ് 5 ക്യാച്ചുകളെടുത്ത് ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ വനിതാ ടീമിന്റെ തുടരെ 11–ാം തോൽവിയായിരുന്നു ഇന്നലത്തേത്.





ഈ പോരാട്ടത്തിന്റെ ചൂടാറും മുൻപാണ് ഇന്ത്യൻ താരങ്ങൾ ഒന്നടങ്കം പാക്ക് ക്യാപ്റ്റന്റെ മകൾക്കൊപ്പം കൂടിയത്. മത്സരശേഷം ഇരു ടീമുകളിലെയും താരങ്ങൾ മൈതാനത്തുനിന്ന്സംസാരിക്കുന്നതിനിടെയാണ് ബിസ്മ കുഞ്ഞുമായി ഗ്രൗണ്ടിലെത്തിയത്. ഇതോടെ ഇന്ത്യൻ താരങ്ങൾ ഒന്നടങ്കം കുഞ്ഞിനു ചുറ്റും കൂടി. മത്സരത്തിന്റെ ഇടവേളകളിലും ഇന്ത്യൻ താരങ്ങൾ കുഞ്ഞു ഫാത്തിമയുമായി കളിക്കുന്നത്‌ കാണാമായിരുന്നു. അതിനിടെ, ആദ്യ പ്രസവം കഴിഞ്ഞ് ആറു മാസത്തിനുള്ളിൽ ലോകകപ്പ് പോലൊരു വലിയ വേദിയിൽ പാക്കിസ്ഥാനെ നയിക്കാനെത്തിയ ബിസ്മ മറൂഫിനുമുണ്ട് ആരാധകരുടെ കയ്യടി. ലോകകപ്പിനായി ആറു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി ബിസ്മ ന്യൂസീലൻഡിലെത്തിയപ്പോൾ മുതൽ വാർത്തകളിലും ഇടംപിടിച്ചിരുന്നു.

VIDEO LINK..👇





Post a Comment

أحدث أقدم