കണക്ക് ടീച്ചർ തല്ലി; പരാതിയുമായി സ്റ്റേഷനിലെത്തി മൂന്നാം ക്ലാസുകാരൻ; ഞെട്ടി എസ്ഐ





മർദ്ദിച്ച സ്കൂൾ അധ്യാപികയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി മൂന്നാം ക്ലാസുകാരൻ. തെലങ്കാനയിലെ ബയ്യാരം സ്വകാര്യ സ്കൂളിലെ കണക്ക് അധ്യാപികയ്ക്കെതിരെയാണ് പരാതി. വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് അധ്യാപിക അടിച്ചതിനെ കുറിച്ച് പരാതി പറയുന്ന കുട്ടിയുടെ വിഡിയോ ഇപ്പോൾ വൈറലാണ്. എസ്.ഐ രമാ ദേവിയുടെ മുന്നിലാണ് കുട്ടി പരാതിയുമായി എത്തിയത്. സ്നേഹത്തോടെ കാര്യങ്ങൾ ചോദിച്ച് മനസിലാക്കുന്ന ഉദ്യോഗസ്ഥയും ഇപ്പോൾ സൈബർ ഇടങ്ങളിൽ താരമാണ്.




മൂന്നാം ക്ലാസുകാരൻ അനിൽ എന്ന വിദ്യാർഥിയാണ് സ്റ്റേഷനിലേക്ക് നടന്നെത്തി പരാതിപ്പെട്ടത്. ക്ലാസിനിടെ ബഹളം വച്ചതിനും പാഠഭാഗം പഠിക്കാതെ വന്നതിനും അധ്യാപിക വഴക്ക് പറഞ്ഞെന്നും മർദിച്ചെന്നുമാണ് കുട്ടിയുടെ പരാതി. ക്ലാസ് കഴിഞ്ഞതോടെ സ്കൂളിൽ നിന്നിറങ്ങി നടന്ന് 200 മീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. വനിതാ എസ്.ഐയെ കണ്ട് കാര്യം പറഞ്ഞു.




അധ്യാപികയ്ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. കുട്ടിയുടെ പരാതി വിശദമായി കേട്ട എസ്.ഐ നേരിട്ട് സ്കൂളിലെത്തി പരാതിയെ കുറിച്ച് അന്വേഷണം നടത്തി. പിന്നീട് പ്രശ്നം ചർച്ചയിലൂടെ പരിഹരിച്ചാണ് എസ്ഐ മടങ്ങിയത്. കുട്ടിയും അധ്യാപികയും തമ്മിൽ ഒത്തുതീർപ്പിലായെന്നും കുട്ടികളെ തല്ലരുതെന്ന് അധ്യാപികയ്ക്ക് നിർദേശം നൽകിയെന്നും എസ്.ഐ വ്യക്തമാക്കി. 

Post a Comment

أحدث أقدم