സൗദിയില്‍ ഗാര്‍ഹിക തൊഴില്‍ നിയമം വരുന്നു






സൗദിയില്‍ ഗാര്‍ഹികതൊഴില്‍ നിയമം ഉടന്‍ നടപ്പാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ സംവിധാനം, അവകാശങ്ങള്‍, കടമകള്‍ എന്നിവ സംബന്ധിച്ചാണ് പുതിയ ഗാര്‍ഹികതൊഴില്‍ നിയമം നടപ്പാക്കുന്നത്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ വീട്ടു ജോലിക്കാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, ഗാര്‍ഹിക തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് മെഡിക്കല്‍ അവധി, സേവനാനന്തര ആനുകൂല്യങ്ങള്‍, ആഴ്ചയിലുള്ള അവധി, വാര്‍ഷിക അവധി തുടങ്ങിയവ ലഭിക്കും.





തൊഴില്‍ കരാറിലോ താമസ രേഖയിലോ (ഇഖാമ) രേഖപ്പെടുത്താത്ത ജോലികള്‍ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ട് ചെയ്യിക്കാനും 21 വയസ്സിന് താഴെയുള്ളവരെ ഗാര്‍ഹിക തൊഴിലാളികളായി നിയമിക്കാനും പാടില്ല. തൊഴില്‍ കരാറിന്റെ വിശദാംശങ്ങള്‍, അത് റദ്ദാക്കുന്നതിനുള്ള നിയമങ്ങള്‍, തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ എന്നിവയാണ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുന്നത്.





തൊഴിലുടമയും വീട്ടുജോലിക്കാരനും തമ്മിലുള്ള ബന്ധം രേഖാമൂലമുള്ള തൊഴില്‍ കരാര്‍ മുഖേനെ നിയന്ത്രിക്കാനായി മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ കൃത്യമായി രേഖപ്പെടുത്തണം.
വേതന, സേവന വ്യവസ്ഥകള്‍, ജോലിയുടെ പൊതുസ്വഭാവം, അധിക ജോലിയുടെ സമയം, പ്രൊബേഷണറി കാലയളവ്, കരാറിന്റെ ദൈര്‍ഘ്യം, പിന്നീട് പുതുക്കുന്ന രീതി, രണ്ട് കക്ഷികളുടെയും വിലാസം, ഇമെയില്‍, ബന്ധപ്പെടാനുള്ള നമ്പറുകള്‍, ഇരു കക്ഷികളുടെയും ഓരോ ബന്ധുക്കളുടെ വിവരങ്ങള്‍ തുടങ്ങിയവ കരാറില്‍ ഉള്‍പ്പെടണം.





90 ദിവസത്തില്‍ കൂടാത്ത പ്രൊബേഷന്‍ കാലയളവില്‍ തൊഴിലാളിയുടെ കഴിവ് പരിശോധിക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമുണ്ട്. ജോലിക്കാര്‍ക്കും തൊഴിലുടമയ്ക്കും പ്രൊബേഷന്‍ സമയത്ത് സ്വന്തം ഇഷ്ടപ്രകാരം കരാര്‍ അവസാനിപ്പിക്കാം. ഗാര്‍ഹിക തൊഴിലാളിയെ ഒരേ തൊഴിലുടമയുടെ കീഴില്‍ ഒന്നിലധികം തവണ പ്രൊബേഷനില്‍ നിര്‍ത്തുന്നത് അനുവദിക്കില്ല. ഇരുകക്ഷികളും തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ സമ്മതിക്കുകയോ കക്ഷികളില്‍ ഒരാള്‍ മരിക്കുകയോ ചെയ്താല്‍ കരാര്‍ അവസാനിച്ചതായി കണക്കാക്കും.

Post a Comment

أحدث أقدم