52 ദിവസത്തിനുശേഷം ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; പ്രതീക്ഷയോടെ മൽസ്യത്തൊഴിലാളികൾ കടലിലേക്ക് trolling ban end soon toady



കൊല്ലം: 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം ഇന്ന് അർധരാത്രിയോടെ മത്സ്യബന്ധന ബോട്ടുകൾ വീണ്ടും കടലിൽ ഇറങ്ങും. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ തീർത്ത് കടലിൽ പോവാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് തൊഴിലാളികൾ. വിഴിഞ്ഞം, കൊല്ലം നീണ്ടകര, കോഴിക്കോട് പുതിയാപ്പ തുടങ്ങി സംസ്ഥാനത്തെ എല്ലാ ഹാർബറുകളിലും ബോട്ടിറക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ട്രോളിംഗ് നിരോധനത്തെ തുടർന്ന് കരയ്ക്ക് അടുപ്പിച്ച ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. പഴയ വലയും കയറുമൊക്കെ മാറ്റി പുതിയത് ഇട്ടു. ഇന്ന് അർദ്ധരാത്രിയോടെ ബോട്ടുകൾ കടലിലേക്ക് പോകും.

കഴിഞ്ഞ രണ്ട് മാസം മത്സ്യത്തൊഴിലാളികൾക്ക് അക്ഷരാർത്ഥത്തിൽ വറുതിയുടെ കാലമായിരുന്നു. മുൻ വർഷങ്ങളെക്കാൾ കടൽ ക്ഷോഭം കൂടുതലായതിനാൽ ചെറുവള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത തൊഴിലാളികൾക്കും കാര്യമായ ജോലിയുണ്ടായിരുന്നില്ല. ട്രോളിംഗ് നിരോധന സമയത്ത് ലഭിക്കുന്ന അലവൻസ് ഭൂരിഭാഗം പേർക്കും കിട്ടിയിട്ടില്ല. കുതിച്ചുയരുന്ന ഡീസൽ വിലയും മത്സ്യ ലഭ്യതയിലെ കുറവുമെല്ലാമായി കടത്തിന് മുകളിൽ കടത്തിലാണ് മിക്ക ബോട്ടുടമകളും.


ട്രോളിംഗ് പിൻവലിക്കുന്നതോടെ ഒരു ഭാഗ്യ പരീക്ഷണത്തിന് കടലിലേക്ക് ഇറങ്ങാം എന്ന മട്ടിലാണ് തൊഴിലാളികൾ. മത്തിയടക്കമുള്ള മീനുകളുടെ ലഭ്യതക്കുറവ് പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയുണ്ട്. ഡീസലിന് ഇനിയെങ്കിലും സബ്‌സിഡി ഏർപ്പെടുത്തിയില്ലെങ്കിൽ ഈ തൊഴിൽ മേഖല തന്നെ ഇല്ലാതാവുമെന്നും തൊഴിലാളികൾ പറയുന്നു. അർധരാത്രി പന്ത്രണ്ട് മണിക്ക് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ ബോട്ടുകൾ കടലിൽ ഇറങ്ങും.


Post a Comment

أحدث أقدم