കേരളത്തെ ലഹരിയിൽ മുക്കിക്കൊല്ലാൻ പാകിസ്ഥാൻ മാഫിയ




കൊച്ചി: 
കേരളത്തെ ലഹരിയിൽ മുക്കിക്കൊല്ലാൻ കോടാനുകോടികളുടെ മയക്കുമരുന്ന് കൊച്ചിയിലക്ക് അയയ്ക്കുന്നതിന് പിന്നിൽ പാകിസ്ഥാനിലെ ഹാജി സലിം നെറ്റ്‍വർക്ക് എന്ന കുപ്രസിദ്ധ സംഘമാണ്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലുണ്ടായിരുന്നവർ തെറ്റിപ്പിരിഞ്ഞ് സ്വന്തമായി മയക്കുമരുന്ന് വ്യാപാരം തുടങ്ങി ലോകമെങ്ങും പടർന്നു പന്തലിക്കുകയായിരുന്നു. കൊച്ചി കടലിൽ നിന്ന് പിടിച്ച 15,000 കോടി രൂപയുടെ ലഹരി മരുന്ന് വിദേശത്തേക്ക് കടത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്നതാണ്. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയ്ക്ക് ലഹരി കടത്തിന്റെ ഹബാണ് കൊച്ചി

3,200 കിലോ മെത്താഫെറ്റമിൻ, 500 കിലോ ഹെറോയിൻ, 529 കിലോ ഹഷീഷ് ഓയിൽ എന്നിവയാണ് നാ‌ർകോട്ടിക് കൺട്രോൾ ബ്യൂറോ പിടിച്ചത്. ഇറാൻ, പാക്കിസ്ഥാൻ പൗരൻമാർ പിടിയിലായിട്ടുണ്ട്. പാക്കിസ്ഥാനിലെ രാസലഹരി സംഘമായ ‘ഹാജി സലിം നെറ്റ്‌വർക്കി’ന്റെ ഏജന്റുമാർ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.

ലഹരിമാഫിയയ്ക്കെതിരേ പോലീസ് ശക്തമായ നടപടികളെടുക്കാതിരിക്കുമ്പോൾ കേന്ദ്ര ഏജൻസികൾ അതിശക്തമായ നടപടികളുമായി രംഗത്തുണ്ട്. നാർകോട്ടിക് കൺട്രോൾ ബ്യൂറോ, ഐ.ബി എന്നിവയ്ക്ക് പുറമേ എൻ.ഐ.എയും ലഹരിമാഫിയയെക്കുറിച്ചുള്ള അന്വേഷണത്തിലാണ്.

അഫ്ഗാനിസ്ഥാനിൽ നിന്നു പാക്കിസ്ഥാൻ തുറമുഖങ്ങൾ വഴി മത്സ്യബന്ധന ബോട്ടുകളിലാണ് മയക്കുമരുന്ന് കടത്ത്. കേരളത്തിൽ ലഹരിയുടെ വിതരണ ശൃംഖലയെ നിയന്ത്രിക്കുന്നതു കൊച്ചി കേന്ദ്രീകരിച്ചുള്ള മാഫിയയാണ്. കേരളത്തിലെത്തുന്ന ലഹരിമരുന്നുകൾ മറ്റു സംസ്ഥാനങ്ങളിലേക്കും കടത്തുന്നുണ്ട്.

തീവ്രവാദ സംഘടനകൾക്കുള്ള പണവും ആയുധങ്ങളും എത്തിച്ചുകൊടുക്കുന്നതും ഹാജി സലിം നെറ്റ്‌വർക്കാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനകൾക്കുള്ള ഫണ്ട് പണമായി കൈമാറുന്നതിനു പകരം ഇപ്പോൾ ലഹരിമരുന്നായാണു കൈമാറ്റം ചെയ്യുന്നതെന്നാണു കണ്ടെത്തൽ.
ദാവൂദ് ഇബ്രാഹിമിന്റെ ഡി–കമ്പനിയുടെ ലഹരി ഇടപാടുകൾക്കു ചുക്കാൻ പിടിച്ചിരുന്ന ലഹരി സംഘമാണു പാക്കിസ്ഥാനിലെ ഹാജി സലിം നെറ്റ്‌വർക്ക്. ഡി–കമ്പനി ദുർബലമായതോടെയാണ് ഇവർ സ്വന്തം നിലയിൽ ലഹരികടത്തു തുടങ്ങിയത്. ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, മ്യാൻമർ, ലാവോസ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന 2 സംഘങ്ങളാണ് ഏഷ്യൻ രാജ്യങ്ങളിലെ ലഹരി വ്യാപാരത്തിന്റെ ചുക്കാൻപിടിക്കുന്നത്

ഹാജി സലിം നെറ്റ്‌വർക് ആണ് ഇന്ത്യ, ശ്രീലങ്ക, ആഫ്രിക്ക എന്നിവിടങ്ങളിലേക്കു കടൽവഴിയുള്ള ലഹരികടത്ത് നിയന്ത്രിക്കുന്നത്. ലഹരിമരുന്നുകൾ അഫ്ഗാനിസ്താനിൽനിന്ന് സമാഹരിക്കുന്നതായാണ് കേന്ദ്രഏജൻസികളുടെ കണ്ടെത്തൽ. ഏറെദൂരം പാക് മത്സ്യബന്ധനബോട്ടുകളിലെത്തിക്കുന്ന ലഹരിമരുന്ന് പിന്നീട് ഇറാൻ ബോട്ടുകളിലേക്കു മാറ്റും.

നടുക്കടലിൽവെച്ച് രണ്ടോ മൂന്നോ തവണ ബോട്ടുകൾ മാറിയാണ് ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്. കൊച്ചി വഴിയുള്ള ലഹരിക്കടത്ത് കൂടുതലായും ശ്രീലങ്കയിലേക്കാണ്. ഇന്ത്യയിലേക്ക് ലഹരിയെത്തിക്കുന്നതിൽ ഹാജി സലിം നെറ്റ്‍വ‍ർക്കിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്- യുവതലമുറയെ ലഹരിയിൽ മുക്കി രാജ്യത്തിന്റെ വളർച്ച തടയുക.

Post a Comment

أحدث أقدم