യുഡിഎഫ്‌ സഹായത്തോടെ കേന്ദ്ര സർക്കാർ കേരളത്തിൽ നടപ്പാക്കുന്നത്‌ ആർഎസ്‌എസ്‌ ദേശീയ അജണ്ട ?

സിബിഐയെ ദുരുപയോഗിച്ച് യുഡിഎഫ് സഹായത്തോടെ കേന്ദ്ര സർക്കാർ കേരളത്തിൽ നടപ്പാക്കുന്നത് ആർഎസ്എസ് ദേശീയ അജണ്ട. 2018ൽ ആന്ധ്രയിലെ കർണൂലിൽ നടന്ന ആർഎസ്എസ് ചിന്തൻ ബൈഠക്കും 2018ൽ അടൂരിൽനടന്ന ആർഎസ്എസ് പ്രാന്തീയ കാര്യകാരി ബൈഠകും എൽഡിഎഫ് സർക്കാരിനെ ഏതുവിധേനയും അട്ടിമറിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.


പൗരത്വ നിയമ ഭേദഗതിയിൽ സംസ്ഥാന സർക്കാരിന്റെ പ്രതിഷേധം ദേശീയ തലത്തിൽ ചർച്ചയായതാണ്. സർക്കാരിനെതിരായ നീക്കത്തിന്റെ ഭാഗമായി ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് അടുത്ത കാലത്ത് നിരവധി തവണ കേരളത്തിലെത്തിയിരുന്നു. വടക്കാഞ്ചേരി ഭവന സമുച്ചയം നിർമാണത്തിന്റെ ഭാഗമായി യുഎഇ ആസ്ഥാനമായ റെഡ്ക്രസന്റ് കരാർ നൽകിയ യൂണിടെക്, കമീഷൻ നൽകിയ വിഷയത്തിലാണ് അനിൽ അക്കര എംഎൽഎയുടെ പരാതിയിൽ സിബിഐ അന്വേഷണം. കോൺഗ്രസ് എംഎൽഎയുടെ പരാതിയിൽ അതിവേഗമാണ് സിബിഐ എത്തിയത്.

നേരത്തെ ഖുർആൻ ഇറക്കുമതി ചെയ്ത വിഷയത്തിൽ യുഡിഎഫ് കൺവീനറായിരുന്ന ബെന്നി ബഹനാൻ കേന്ദ്രത്തിന് പരാതി നൽകിയിരുന്നു. അതിലും ഇഡി, കസ്റ്റംസ് ഇടപെടൽ അതിവേഗമുണ്ടായി. സർക്കാരിനെതിരെ ഒന്നും കിട്ടിയില്ലെങ്കിലും പരമാവധി പുകമറ ഉണ്ടാക്കുക എന്നാണ് ലക്ഷ്യം. ലീഗ്–-കോൺഗ്രസ്–-ബിജെപി നേതാക്കൾ തമ്മിലുണ്ടാക്കിയ രഹസ്യ ധാരണയാണ് ഇതിനെല്ലാം പിന്നിൽ.

കമീഷൻ കൈപ്പറ്റിയത് ബിജെപിക്കാരൻ
യുഎഇ കോൺസുലേറ്റിന്റെ നിർമാണ പ്രവർത്തനങ്ങളുടെ കരാർ ലഭിച്ച യൂണിടെക് കമീഷൻ നൽകിയത് ബിജെപി പ്രവർത്തകനായ സന്ദീപ് നായർക്ക്. ഈ പണം നൽകിയതാകട്ടെ യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥനും. ഈ ഉദ്യോഗസ്ഥന് ബാങ്ക് വഴിയാണ് യൂണിടെക് പണം നൽകിയത്. സ്വർണക്കടത്ത് അന്വേഷണ ഏജൻസികൾ തന്നെ ഇക്കാര്യം വ്യക്തമാക്കി. ഈ പണമിടപാടിൽ എവിടെയും സർക്കാരോ ലൈഫ് മിഷനോ ഇല്ല. ഇത് മറച്ച്വച്ചാണ് കമീഷൻ ഇടപാടിലേക്ക് സർക്കാരിനെയും ലൈഫിനെയും മാധ്യമങ്ങൾ വലിച്ചിഴയ്ക്കുന്നത്.
തന്റെ ലോക്കറിൽനിന്ന് കണ്ടെത്തിയ പണം യൂണിടെക്കിൽനിന്ന് കമീഷൻ ലഭിച്ചതാണെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. ഇത് തെറ്റാണെന്നും കമീഷൻ ലഭിച്ചത് സന്ദീപ് നായർക്കാണെന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.

സർക്കാർ വിദേശ സഹായ നിയന്ത്രണ നിയമം (എഫ്സിആർഎ) ലംഘിച്ചതായി ചില മാധ്യമങ്ങൾ ആരോപിക്കുന്നു. വടക്കാഞ്ചേരി ഭവന സമുച്ചയവുമായി ബന്ധപ്പെട്ട് സർക്കാരോ ലൈഫോ പണം വാങ്ങുകയോ നൽകുകയോ ചെയ്തിട്ടില്ല.

Post a Comment

أحدث أقدم