തിരുവന്തപുരം: മുസ്ലീം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കുമെതിരെ രൂക്ഷ വിമർശനവുമായി കെ.ടി ജലീൽ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മന്ത്രി കെ.ടി ജലീലിന്റെ ഗൺമാന്റെ ഫാൺ കസ്റ്റംസ് പിടിച്ചെടുത്തതായുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ് ജലീൽ ലീഗിനു ജമാഅത്തെ ഇസ്ലാമിക്കും എതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ.ടി ജലീലിന്റെ വിമർശനം. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പ്രസക്തഭാഗങ്ങൾ ഇവരോടൊക്കെ ഒന്നേ എനിക്ക് പറയാനുള്ളൂ. നിങ്ങൾ കണ്ടുശീലിച്ച നിങ്ങളുടെ നേതാക്കളെയും ഈയുള്ളവനേയും ഒരേ തുലാസിൽ തൂക്കാൻ ഒരുമ്പെട്ടാൽ നിരാശമാത്രമേ ബാക്കിയാകൂ. അന്യന്റെ കീശയിലെ പണം കണ്ട്, മതത്തിന്റെ പേരും പറഞ്ഞ് സ്ഥാപനങ്ങൾ നടത്തിയും ബിസിനസ്സുകൾ സംഘടിപ്പിച്ചും ആർഭാടജീവിതം നയിക്കുന്ന ലീഗ് - ബി.ജെ.പി - ജമാഅത്തെ ഇസ്ലാമി നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് കരുതാൻ ന്യായമായും ബന്ധപ്പെട്ടവർക്ക് അവകാശമുണ്ട്. പക്ഷെ ആ ഗണത്തിൽ ഇടതുപക്ഷത്തുള്ളവരെക്കൂട്ടിയാൽ നിങ്ങൾ അബദ്ധത്തിൽ ചാടുകയേ ഉള്ളൂവെന്നും കെ.ടി ജലീൽ പറയുന്നു. എന്റെ ഗൺമാന്റെ ഫോൺ പിടിച്ചെടുത്തെന്നും അതിൽ ചില നിർണ്ണായക വിവരങ്ങളുണ്ടെന്നുമൊക്കെയാണല്ലോ പ്രചരണം. ആയിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും, ഇല്ലാത്തതൊന്ന് ഉണ്ടാക്കിയെടുക്കാൻ ഒരാൾക്കും കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എന്നും എന്റെ ആത്മധൈര്യം. കൂടെയുള്ളവരുടെ ഫോൺ ഉപയോഗിച്ച് അവിഹിതം ചെയ്യുന്ന മുഖ്യനും മന്ത്രിമാരും കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ ഉണ്ടായിരുന്നിരിക്കാം. എന്നാൽ ഈ സർക്കാരിൽ അത്തരക്കാരുണ്ടാകുമെന്ന പൂതി മനസ്സിൽ വെച്ചാൽമതി. മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും നടത്തുന്ന സ്ഥാപനങ്ങളുടെ എക്കൗണ്ട് നമ്പറുകളിലേക്ക് വഴിയേ പോകുന്നവൻ ഒന്നെത്തിനോക്കിയാൽ ഉരിഞ്ഞു വീഴുന്നതേയുള്ളൂ അക്കൂട്ടരുടെ പകൽമാന്യതയുടെ മൂടുപടം. എല്ലാ ഇലക്ട്രോണിക് തെളിവുകളും അന്വേഷണ ഏജൻസികളുടെ കയ്യിലുണ്ടെന്നറിഞ്ഞിട്ടും ഭയലേശമന്യേ ഒരു മാധ്യമ മുതലാളിയുടെ മുന്നിലും കൈകൂപ്പി യാചിക്കാതെ, സധൈര്യം മുന്നോട്ടു പോകാൻ കഴിയുന്നത് ഒരണുമണിത്തൂക്കം തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യം കൊണ്ടുതന്നെയാണ്. സംസ്ഥാനത്ത് നടക്കുന്ന സ്വർണ്ണക്കള്ളക്കടത്തിന്റെയും ഹവാല ഇടപാടിന്റെയും വേരുകൾ തേടിയുള്ള ഏതൊരാളുടെയും അന്വേഷണയാത്ര ചെന്നെത്തുക ലീഗ് - ജമാഅത്തെ ഇസ്ലാമി - ബി.ജെ.പി നേതാക്കളുടെ വീട്ടുമുറ്റത്തും അവർ നടത്തുന്ന സ്ഥാപനങ്ങളുടെ അകത്തളങ്ങളിലുമായിരിക്കുമെന്ന് ആർക്കാണറിയാത്തത്? കൂടുതൽ പറയിപ്പിക്കാതിരുന്നാൽ ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും നന്നു. ഞാൻ ലീഗിലുണ്ടായിരുന്ന കാലത്ത് അഥവാ എല്ലാ തട്ടിപ്പും വെട്ടിപ്പും പറ്റിപ്പും ഹലാലാക്കപ്പെട്ട (അനുവദനീയമാക്കപ്പെട്ട) കാലത്ത് കുഞ്ഞാലിക്കുട്ടിയും കെ.എം. ഷാജിയും ഭൂതക്കണ്ണാടി വെച്ച് നോക്കിയിട്ട് ഒരഞ്ചുപൈസയുടെ ക്രമക്കേട് ഞാൻ നടത്തിയതായി കണ്ടെത്താനായിട്ടില്ല. എന്നിട്ടല്ലേ വി. മുരളീധരന്റെയും സുരേന്ദ്രന്റെയും ബൈനോക്കുലർ വെച്ചുള്ള ഇപ്പോഴത്തെ നോട്ടം. ഞാൻ സമർപ്പിച്ച അക്കൗണ്ട് ഡീറ്റെയിൽസും എന്റെയും ഞാനുമായി ബന്ധപ്പെട്ടവരുടെയും ടെലഫോൺ വിശദാംശങ്ങളും ഏതന്വേഷണ ഏജൻസികൾക്കും മുടിനാരിഴകീറി പരിശോധിക്കാം. അതിനുള്ള സമ്മതം, ആയിരംവട്ടം, നേരത്തെതന്നെ നൽകിയിട്ടുള്ളതാണ്. അതൊരിക്കൽകൂടി ആവർത്തിക്കുന്നു. മേപ്പുര ഇല്ലാത്തവനെന്തു തീപ്പൊരി . കെടി ജലീൽ ഫെയ്സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
إرسال تعليق