മുന്നാക്ക സംവരണം:ലീഗിന്റെ നേതൃത്വത്തില്‍ സംവരണ സമുദായങ്ങളുടെ യോഗം ഇന്ന്

തിരുവനന്തപുരം;  
മുന്നാക്ക സംവരണ വിഷയത്തില്‍ യോജിച്ച സമരമാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി മുസ്ലിം ലീഗ് വിളിച്ചു ചേര്‍ത്ത സംവരണ സമുദായങ്ങളുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണ് എസ് എന്‍ ഡി പി അടക്കമുള്ള സംഘടനകളെ പങ്കെടുപ്പിച്ച് ഇന്ന് കൊച്ചിയില്‍ യോഗം ചേരാന്‍ പോകുന്നത്. എന്നാല്‍ ലീഗിന്റെ നീക്കത്തിന് തുടക്കത്തില്‍ തന്നെ കല്ലുകടിയെന്നോണം എതിര്‍ പ്രസ്താവനയുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി കഴിഞ്ഞു.

മുസ്ലിം സംഘടനകളുമായി ചേര്‍ന്ന് ഒരു സമരം ഇപ്പോള്‍ പരിഗണനയിലില്ലെന്നാണ് വെള്ളപ്പാള്ളി നടേശന്‍ ഒരു ചാനലിനോട് പ്രതികരിച്ചത്. സംയുക്ത പ്രക്ഷോഭം സംബന്ധിച്ച് മുസ്ലിം സംഘടനാ നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ല. വിവിധ മുസ്ലിം സംഘടനകള്‍ യോഗം ചേരുന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിവാഹപ്രായം കൂട്ടുന്നതിലും മുസ്ലിം സംഘടനകള്‍ക്ക് എതിര്‍പ്പുള്ളതറിഞ്ഞു. അത് എസ് എന്‍ ഡി പി യോഗത്തിന്റെ അജന്‍ഡയിലില്ലാത്ത കാര്യമാണ്.

പൊതുമെറിറ്റിലെ 50 ശതമാനത്തില്‍ നിന്നാണ് മുന്നാക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതെങ്കില്‍ യോഗത്തിന് എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘനകള്‍ ആകെയുള്ളതില്‍ നിന്ന് പത്ത് ശതമാനം സംവരണമാണ് നടപ്പാക്കുന്നതെന്നാണ് വാദിക്കുന്നതെന്നും ഇതില്‍ വ്യക്തത വരാനുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Post a Comment

أحدث أقدم