ഫെയ്‌സ്ബുക്ക് ഇന്ത്യ പോളിസി മേധാവി അംഖിദാസ് രാജിവെച്ചു; രാജി വിവാദങ്ങൾക്കിടെ


ന്യൂഡൽഹി: ഫെയ്സ്ബുക്കിന്റെ ഇന്ത്യ, ദക്ഷിണേഷ്യാ, മധേഷ്യാ പോളിസി ഡയറക്ടറായ അംഖി ദാസ് സ്ഥാനം രാജിവെച്ചു. ഫെയ്സ്ബുക്കിലെ വിദ്വേഷ പ്രചാരണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ബിജെപിയോട് രാഷ്ട്രീയ പക്ഷപാതിത്വം കാണിച്ചുവെന്നതിന്റെ പേരിൽ വിവാദത്തിലായ വ്യക്തിയാണ് അംഖിദാസ്. എന്നാൽ സ്ഥാനം രാജിവെക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല. ഫെയ്സ്ബുക്കിലെ രാഷ്ട്രീയ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയ്ക്കുള്ളിൽ നിന്നും സർക്കാർ തലത്തിൽ നിന്നും അംഖിദാസിന്റെ ഇടപെടൽ ചോദ്യംചെയ്യപ്പെട്ടിരുന്നു. ഫെയ്സ്ബുക്കിലൂടെയുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടിയെടുക്കുന്നതിനെ അംഖിദാസ് ഇടപെട്ട് തടഞ്ഞുവെന്ന വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. കഴിഞ്ഞയാഴ്ച അംഖി ദാസ് ഒരു പാർലമെന്ററി പാനലിന് മുന്നിൽ ഹാജരായിരുന്നു. ഫെയ്സ്ബുക്കിലെ സ്വകാര്യതയുമായി ബന്ധപ്പെട്ടുയർന്ന ആശങ്കകൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പാനൽ അംഖി ദാസുമായി കൂടിക്കാഴ്്ച നടത്തിയത്. ഏകദേശം രണ്ട് മണിക്കൂറോളം അംഖിദാസ് പാനലിന്റെ ചോദ്യങ്ങൾ നേരിട്ടുവെന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ്, വ്യവസായം, പരസ്യം തുടങ്ങിയ ആവശ്യങ്ങൾക്കായി പൗരന്മാരുടെ വ്യക്തിവിവരങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് പാനൽ ഫെയ്സ്ബുക്കിനോട് പറഞ്ഞു. ഇന്ത്യയിൽ 30 കോടി ഉപയോക്താക്കളുള്ള ഫെയ്സ്ബുക്കിന് എത്ര വരുമാനം ലഭിക്കുന്നുണ്ടെന്നും വിവര സംരക്ഷണത്തിനായി ഫെയ്സ്ബുക്കിന്റെ വരുമാനത്തിന്റെ എത്രശതമാനം ചെലവഴിക്കുന്നു, അതിൽ എത്ര നികുതിയായി നൽകുന്നുണ്ടെന്നുമുള്ള ചോദ്യങ്ങളും ഉന്നയിക്കപ്പെട്ടുവെന്നാണ് വിവരം. 

Post a Comment

أحدث أقدم