താജ്മഹലിനുള്ളിൽ കാവിക്കൊടിയുമായി ഹിന്ദുത്വ തീവ്രവാദികൾ; ശിവക്ഷേത്രമെന്ന് അവകാശവാദം

ഷാജഹാൻ ചക്രവർത്തി നിർമ്മിച്ച താജ്മഹൽ (Taj Mahal) ശിവക്ഷേത്ര(Shiv Temple)മായിരുന്നുവെന്നവകാശപ്പെട്ട് ഹിന്ദുത്വ തീവ്രവാദ സംഘടനയായ ഹിന്ദു ജാഗരൺ മഞ്ച് (Hindu Jagran Manch). കാവിക്കൊടിയുമായി താജ്മഹലിൽ പ്രവേശിച്ചാണ് ഇവർ ഈ അവകാശവാദം ഉന്നയിച്ചത്. താജ്മഹൽ ഹിന്ദുക്കൾക്ക് കൈമാറണമെന്നാണ് ഹിന്ദു ജാഗരൺ മഞ്ചിന്റെ അവകാശവാദം.

ഞായറാഴ്ച വിജയദശമി ദിനത്തില്‍ താജ്മഹലിനുള്ളില്‍ പ്രവേശിച്ച ഹിന്ദുജാഗരൺ മഞ്ച് പ്രവർത്തകർ ഗംഗാജലം തളിച്ച് പ്രാർത്ഥനകൾ നടത്തുകയും കാവിക്കൊടി വീശുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ തേജോ മഹാലയ (Tejo Mahalaya) എന്ന് പേരുള്ള ശിവക്ഷേത്രമായിരുന്നെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് ആഗ്ര യൂണിറ്റ് സെക്രട്ടറി ഗൗരവ് ഠാക്കൂർ(Gaurav Thakur) അവകാശപ്പെട്ടു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ താന്‍ ഇവിടെ എത്തി ശിവഭഗവാനോട് പ്രാര്‍ത്ഥിച്ചിരുന്നതായും ഠാക്കൂർ അവകാശവാദം ഉന്നയിച്ചു.സര്‍ക്കാര്‍ താജ്മഹല്‍ ഹിന്ദുക്കള്‍ക്ക് കൈമാറുന്നത് വരെ പ്രാര്‍ത്ഥന തുടരുമെന്നും ഗൗരവ് പറഞ്ഞു. ക്ഷേത്രാവശിഷ്ടങ്ങള്‍ക്ക് മേലാണ് താജ്മഹല്‍ ഷാജഹാന്‍ (Shajahan) നിര്‍മ്മിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ബിജെപി(BJP) കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്‌ഡെയും (Anant Kumar Hedge) സമാന അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. താജ് മഹൽ പണികഴിപ്പിച്ചത് മുസ്ലീങ്ങൾ അല്ല. താജ് മഹൽ എന്ന് വിളിക്കപ്പെടുന്ന പാലസ് ജയസിംഹ രാജാവിൽ നിന്ന് താൻ വാങ്ങിയതാണെന്ന് ഷാജഹാൻ ആത്മകഥയിൽ എഴുതിയിട്ടുണ്ടെന്നാായിരുന്നു ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനന്ത് കുമാറിൻ്റെ അവകാശവാദം.

പരമതീർത്ഥ രാജാവ് പണികഴിപ്പിച്ച ശിവ മന്ദിർ ആണ് താജ്മഹൽ. ഇത് തേജോ മഹാലയ എന്നാണ് അറിയപ്പെട്ടിരുന്നത്. തേജോ മഹാലയ പിന്നീട് താജ്മഹൽ ആകുകയായിരുന്നു. നമ്മൾ ഇങ്ങനെ ഉറക്കം നടിച്ചാൽ നമ്മുടെ ഭൂരിഭാഗം വീടുകളും മസ്ജിദുകളായി നാമകരണം ചെയ്യപ്പെടുമെന്നും അനന്ത് കുമാർ ഹെഗ്‌ഡെ കൂട്ടിച്ചേർത്തു.

രാഷ്ട്രീയ സ്വയം സേവക സംഘവുമായി(RSS) അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഘടനയായ ഹിന്ദു ജാഗരൺ മഞ്ച് സ്ഥാപിച്ചത് ബജ്രംഗ് ദളിന്റെ സ്ഥാപകനും ബിജെപി നേതാവുമായ വിനയ് കട്ടിയാർ(Vinay Katiyar) ആണ്. മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങൾ അഴിച്ചുവിടുന്ന സംഘടനയാണ് ഹിന്ദു ജാഗരൺ മഞ്ച്.

Post a Comment

أحدث أقدم