സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ 5000 വാർഡുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ കേന്ദ്രനേതൃത്വത്തിന്റെ നിർദേശം. ഗ്രാമ, ബ്ലോക്ക്, നഗരസഭാ, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്തുകളിലായി 21,908 വാർഡുകളാണുള്ളത്. ഒരു കോർപ്പറേഷനിലെങ്കിലും ഭരണം പിടിക്കണം. നഗരസഭകളിലും മറ്റ് തദ്ദേശസ്ഥാപനങ്ങളിലും ഭരണമോ മുഖ്യപ്രതിപക്ഷ സ്ഥാനമോ നേടാൻ ശ്രമിക്കണം. ഓരോ പഞ്ചായത്തിനും ഒരു ആർ.എസ്.എസ്. നേതാവ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നേതൃത്വം നൽകും.സംഘടനാ ചുമതല ഇദ്ദേഹത്തിനെ ഏൽപ്പിക്കും.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുഴുവൻ ഇദ്ദേഹമാകും ഏകോപിപ്പിക്കുക. വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിയാകും മുന്നോട്ട് പോവുക. റിബലുകൾക്ക് എതിരേ കർശന നിലപാട് സ്വീകരിക്കും.ബി.ജെ.പിയിലെ വിഭാഗീയത സീറ്റുനിർണയത്തിൽ അനുവദിക്കാതെ നോക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തർക്കമുള്ള സീറ്റുകളിൽ ആർ.എസ്.എസ്. ഇടപെട്ട് പ്രശ്നം തീർക്കും. ആ തീർപ്പ് അംഗീകരിക്കാത്തവരെ ഒഴിവാക്കി മുന്നോട്ട് പോകാനാണ് നിർദേശം. സംസ്ഥാനത്ത് ഇപ്പോൾ രാഷ്ട്രീയ വിവാദം ഉണ്ടാക്കിയ സ്വർണക്കടത്ത് വിഷയങ്ങൾ പരമാവധി ഉന്നയിക്കും. ഈ വിവാദം എൻ.ഡി.എ.യ്ക്ക് എങ്ങനെ നേട്ടമുണ്ടാക്കുന്ന വിധം ഉപയോഗിക്കാം എന്ന് പരിശോധിക്കണം. ശബരിമല വിഷയം പാർട്ടി മുന്നിൽ നിന്ന് കൈകാര്യം ചെയ്തെങ്കിലും തിരഞ്ഞെടുപ്പിൽ അതിന്റെ നേട്ടം കൊയ്തത് യു.ഡി.എഫായിരുന്നു. ആ സാഹചര്യം പരിശോധിക്കണം.സാഹചര്യം വോട്ടാക്കി മാറ്റാനുള്ള ശ്രമമാണ് വേണ്ടത്. സംസ്ഥാനത്ത് പുതിയ പ്രസിഡന്റ് വന്നതിന് ശേഷം സംസ്ഥാന സമിതിയോഗം വിളിച്ചിട്ടില്ല. സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ ആർ.എസ്.എസും നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും അത് കേരളത്തിലുണ്ടാക്കിയ ചലനങ്ങളും ചർച്ചയായി.
إرسال تعليق