എട്ട് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ ബീച്ചുകൾ ഇന്ന് തുറക്കും:സഞ്ചാരികളെ പ്രതീക്ഷിച്ചു കേരളം

തിരുവനന്തപുരം :
 എട്ട് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ കടൽത്തീര വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഇന്ന് തുറക്കും. സഞ്ചാരികളെ സ്വീകരിക്കാനായി തലസ്ഥാനത്തെ ബീച്ചുകളെല്ലാം ഒരുങ്ങി. കൊറോണ വ്യാപന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രവേശന കവാടത്തിൽ ജീവനക്കാരെ നിയോഗിച്ച് സന്ദർശകരുടെ ശരീര ഊഷ്മാവ് പരിശോധിക്കും. നടപ്പാതകൾ, കൈവരികൾ, ഇരിപ്പിടങ്ങൾ, പവലിയനുകൾ , എന്നിവിടങ്ങളിൽ ഇടവിട്ടു അണുനാശിനികൾ തളിക്കും. ആളുകൾ തമ്മിൽ രണ്ടു മീറ്റർ സാമൂഹിക അകലം ഉറപ്പാക്കണം.പ്രവേശനകവാടത്തിൽ സന്ദർശകരുടെ പേര്, വിലാസം, ഫോൺ നമ്പർ, സന്ദർശിച്ച സമയം തുടങ്ങിയവ രേഖപ്പെടുത്താനായി രജിസ്റ്റർ സൂക്ഷിക്കുന്നുണ്ട്. സാനിറ്റൈസർ, ഹാൻഡ് വാഷ്, മാസ്ക് എന്നിവ കർശനമാണെന്നും ടൂറിസം വകുപ്പിന്റെ മാർഗ നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
എന്നാൽ ഈ നിർദ്ദേശങ്ങൾ എങ്ങനെ നടപ്പാക്കുമെന്ന് ടൂറിസം ഉദ്യോഗസ്ഥർക്കോ പോലീസിനോ യാതൊരു വിവരവുമില്ല. കേരളത്തിലെ ബീച്ചുകളിൽ സന്ദർശകരെ നിയന്ത്രിക്കുവാൻ ആവശ്യമായ സൗകര്യങ്ങളോ ജീവനക്കാരോ ഇല്ല. കീലോമീറ്ററുകളോളം നീളമുള്ള ബീച്ചുകളിൽ സന്ദർശകരെ നിയന്ത്രണ വിധേയമായി പ്രവേശിപ്പിക്കുക അപ്രായോഗികമാണെന്നാണ് ജീവനക്കാർ പറയുന്നത്.
അപകടങ്ങളിൽ രക്ഷകരാകേണ്ട ലൈഫ് ഗാർഡുമാരെ സഞ്ചാരികളെ നിയന്ത്രിക്കുന്നതിന് നിയോഗിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ സഞ്ചാരികള നിയന്ത്രിക്കാൻ താൽക്കാലികമായെങ്കിലും ജീവനക്കാരെ നിയോഗിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അതേസമയം, കഴിഞ്ഞ മാർച്ചിൽ അടച്ചിട്ട ബീച്ച് ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതോടെ കേരളത്തിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖലയിലെ ബിസിനസ്സുകാർ.

Post a Comment

أحدث أقدم