തിരുവനന്തപുരം | കാസര്‍കോട്ട് എസ് വൈ എസ് പ്രവര്‍ത്തകന്‍ അബ്ദുര്‍റഹ്മാന്‍ ഔഫിന്റെ കൊലപാതകം അത്യന്തം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. കൊലക്കത്തിയുടെ രാഷ്ട്രീയം നാടിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുന്നതിന് വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പില്‍ ഉണ്ടായ രാഷ്ട്രീയ തിരിച്ചടിക്കും ഒറ്റപ്പെടലിനും മറുപടി ഇല്ലാത്തതിനാലാണ് മുസ്ലിം ലീഗ് അക്രമ രാഷ്ട്രീയം തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയെ തകര്‍ക്കുന്നതിന് വേണ്ടിയുള്ള എതിരാളികളുടെ ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം അക്രമ സംഭവങ്ങള്‍. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചനയും ഇതിന് പിന്നിലുണ്ടോ എന്നും ശ്രദ്ധിക്കേണ്ടതുണ്ട്.
കേരളത്തിലെ ജനങ്ങള്‍ ഈ അക്രമങ്ങളെ പിന്തുണക്കില്ല. കേരളത്തെ അക്രമികള്‍ക്ക് വിട്ടുകൊടുക്കാതിരിക്കാന്‍ എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. നാട് സംയമനം പാലിച്ച് ഇതിനെതിരായ പ്രതിഷേധം രേഖപ്പെടുത്തണം. നാടിനെ സംബന്ധിച്ച് ഇത് മഹാവേദനയുടെ സന്ദര്‍ഭമാണെന്നും അദ്ദേഹം പറഞ്ഞു.
കെ പി എ മജീദിന്റെ പ്രസ്താവന അക്രമത്തെ ന്യായീകരിക്കുന്നതിന് തുല്യമാണെന്നും ഒരുചോദ്യത്തിന് മറുപടിയായി വിജയരാഘവന്‍ പറഞ്ഞു
إرسال تعليق