
കൊൽക്കത്ത:
പശ്ചിമബംഗാളും അസമും ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്. രണ്ടു സംസ്ഥാനങ്ങളിലുമായി 77 മണ്ഡലങ്ങളിലാണ് പാർട്ടികൾ ജനവിധി തേടുന്നത്. പശ്ചിമബംഗാളിൽ എട്ടു ഘട്ടമായും അസമിൽ മൂന്ന് ഘട്ടങ്ങളിലുമായിട്ടാണ് പോളിംഗ് നടക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലും ഇന്നലെ പ്രചാരണത്തിന് ശേഷമുള്ള നിശബ്ദപ്രചാരണത്തിൽ സ്ഥാനാർത്ഥികളും പാർട്ടികളും വീടുകൾ കേന്ദ്രീകരിച്ചുള്ള അവസാന വട്ട പ്രചാരണവും പൂർത്തിയാക്കി.
അസമിൽ മൂന്ന് ഘട്ടമായി മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6 എന്നീ ദിവസങ്ങൾകൊണ്ട് തെരഞ്ഞെടുപ്പ് അവസാനിക്കും. പശ്ചിമ ബംഗാളിൽ എട്ടു ഘട്ടമായിട്ടാണ് പോളിംഗ് തീരുമാനിച്ചിരിക്കുന്നത്. മാർച്ച് 27, ഏപ്രിൽ 1, 6, 10, 17, 22, 26, 29 തീയതികളിലായാണ് പോളിംഗ് പൂർത്തിയാവുക.
ആകെ 294 നിയമസഭാസീറ്റുകളാണ് പശ്ചിമബംഗാളിലുള്ളത്. ഇതിൽ 68 എണ്ണം പട്ടിക ജാതിവിഭാഗത്തിനും 16 എണ്ണം പട്ടികവർഗ്ഗത്തിനുമുള്ളതാണ്. ആകെ 23 ജില്ലകളാണ് പശ്ചിമ ബംഗാളിലുള്ളത്. ആദ്യഘട്ടത്തിൽ അഞ്ചു ജില്ലകളിലാണ് പോളിംഗ് നടക്കുന്നത്. പശ്ചിം മിഡ്നാപ്പൂർ, പൂർവ്വ മിഡ്നാപ്പൂർ, ബാൻകൂറ, ഝാർഗ്രാം, പുരുളിയ എന്നീ ജില്ലകളിലെ സമ്മതിദായകരാണ് വോട്ട്ചെയ്യുന്നത്. 30 സീറ്റുകളിലാണ് മത്സരം നടക്കുന്നത്. അസമിൽ ഇന്ന് 47 സീറ്റുകളിലേക്കാണ് പോളിംഗ് നടക്കുന്നത്. ആകെ 126 സീറ്റുകളാണ് അസമിലുള്ളത്.
إرسال تعليق