പാപ്പിനിശേരി
പാപ്പിനിശേരി മേൽപ്പാലം നിർമാണത്തിലെ അപാകത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെ, പാലത്തിന്റെ അടിഭാഗത്തെ സ്ലാബുകളിൽ വീണ്ടും വിള്ളൽ രൂപപ്പെട്ടു. നാട്ടുകാർ ആശങ്കപ്പെട്ടതിനെത്തുടർന്ന് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വിശദ പരിശോധന നടത്തിയ വിജിലൻസ് സാമ്പിൾ ശേഖരിച്ച് ലാബിലേക്ക് അയച്ചിരുന്നു. ഇതിന്റെ റിപ്പോർട്ട് വരാനിരിക്കെയാണ് വീണ്ടും വിള്ളൽ കണ്ടത്.
പാലത്തിന്റെ മധ്യഭാഗത്ത് എക്സ്പാൻഷൻ ജോയിന്റിന്റെ ഇരുഭാഗങ്ങളിലുമാണ് രണ്ടു മീറ്ററിലേറെ നീളത്തിലും മൂന്നിഞ്ചിലേറെ വീതിയിലും വിള്ളൽ കണ്ടത്. വെള്ളിയാഴ്ച രാവിലെ അണ്ടർ പാസേജുവഴി പോയ വാഹനയാത്രക്കാരാണ് കോൺക്രീറ്റ് അടർന്നുവീഴുന്നത് കണ്ടത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇടയ്ക്കിടെ കോൺക്രീറ്റ് അടർന്നുവീഴുന്നുണ്ട്. കമ്പികൾ പുറത്തേത്തക്ക് തള്ളിയിട്ടുമുണ്ട്.
നേരത്തെ, പാലത്തിന്റെ മുകൾഭാഗത്ത് വലിയതോതിൽ വിള്ളലുകളും എക്സ്പാൻഷൻ ജോയിന്റുകളിൽ തകർച്ചയും കണ്ടെത്തിയിരുന്നു. 620 മീറ്റർ നീളമുള്ള പാലത്തിന് 23 സ്ലാബുകളാണുള്ളത്. എല്ലാ സ്ലാബുകളുടെയും ജോയിന്റുകൾക്കു സമീപവും ജോയിന്റിലെ കാസ്റ്റ് അയേൺ ബെൽറ്റുകളും തകർന്നിരുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ വല്ലാത്ത ശബ്ദമുണ്ട്.
നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് ഫെബ്രുവരി 11ന് കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. നിർമാണത്തിൽ ഗുരുതര ക്രമക്കേടുണ്ടെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് പാലം നിർമാണത്തിന്റെ ഭൂരിഭാഗവും നടന്നത്. പൊളിച്ചുമാറ്റിയ പാലാരിവട്ടം പാലം നിർമിച്ച ആർഡിഎസ് കമ്പനിക്കായിരുന്നു പാപ്പിനിശേരിയിലും നിർമാണച്ചുമതല. കെഎസ്ടിപി പദ്ധതിയുടെ ഭാഗമായി 2013–-ൽ നിർമാണമാരംഭിച്ച പാലം 2017ലാണ് തുറന്നത്.
إرسال تعليق