മാന്നാർ: ആംഗലേയ കവിതാ രചനയിൽ അത്ഭുതം സൃഷ്ടിച്ച പരുമല സിൻഡസ്മോസ് പബ്ലിക് സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിനി ഫാത്തിമ മുഹമ്മദ് നിസാമിൻ്റെ ആഷസ് ടു ഫയർ എന്ന കവിതാ സമാഹാരം പ്രകാശനം ഞായറാഴ്ച നടക്കുമെന്ന് ഫാത്തിമയുടെ വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാന്നാർ യുഐടി കോളേജ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന സാംസ്ക്കാരിക - യുവജനക്ഷേമ- ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രകാശന കർമ്മം നിർവ്വഹിക്കും. യുഐടി പ്രിൻസിപ്പൾ ഡോ. വി പ്രകാശ് അധ്യക്ഷത വഹിക്കും. കവിയും മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന അവാർഡ് ജേതാവുമായ ഒ.എസ് ഉണ്ണിക്കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. പി.എച്ച്.ഡി റിസർച്ച് സ്കോളർ ഷിഫാന പി.എ കവിതാ സമാഹാരം പരിചയപ്പെടുത്തൽ നിർവഹിക്കും.
മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി രത്നകുമാരി, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ് അമ്പിളി, ഏ.ആർ സ്മാരക സമിതി ചെയർമാൻ പ്രൊഫ. പി ഡി ശശിധരൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.ആർ ശിവപ്രസാദ്, ശാന്തിനി എസ്, ഷൈന നവാസ്, ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ കരിം, മുൻ ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് അജിത് എന്നിവർ ആശംസകൾ അറിയിക്കും. വാർത്താ സമ്മേളനത്തിൽ ഡോ. വി പ്രകാശ് കൈമൾ അധ്യക്ഷത വഹിച്ചു. കവയിത്രി ഫാത്തിമ മുഹമ്മദ് നിസാം, എ.കെ നിസാം, കെ.എ കരിം, ബഷീർ പാലക്കീഴിൽ എന്നിവർ പങ്കെടുത്തു.
മൂന്ന് വർഷം കൊണ്ട് മുന്നൂറോളം ഇംഗ്ലീഷ് കവിതകളാണ് മാന്നാർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് കുട്ടംപേരൂർ പുത്തൻ ബംഗ്ലാവിൽ പ്രവാസിയായ നിസാം ഹസീന ദമ്പതികളുടെ മകളായ ഫാത്തിമയുടെ തൂലികത്തുമ്പിൽ വിരിഞ്ഞത്. പിൻ വെൻറ് പബ്ലിക്കേഷൻസാണ് ഫാത്തിമയുടെ കവിതാ സമാഹാരമായ ആഷസ് ടു ഫയർ പുസ്തകമാക്കുന്നത്
إرسال تعليق