ആക്രമണം ശക്തി പ്രാപിക്കുന്നു; യുക്രെയ്നില്‍ പട്ടാളനിയമം; തിരിച്ചടിക്കുമെന്നു പ്രസിഡന്റ്






കിഴക്കന്‍ യുക്രെയ്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ സൈനിക നടപടി പ്രഖ്യാപിച്ചതിനുപിന്നാലെ തലസ്ഥാനമായ കീവിന് സമീപം െവടിവയ്പും സ്ഫോടനങ്ങളുമുണ്ടായി. റഷ്യന്‍ ആക്രമണം ഉണ്ടായെന്നും തിരിച്ചടിക്കുമെന്നും യുക്രെയ്ന്‍  പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി പറഞ്ഞു. നിരവധി നഗരങ്ങളില്‍ ആക്രമണം ഉണ്ടായി. യുക്രയ്നില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു. ജനങ്ങള്‍ പുറത്തിറങ്ങരുത്. ലോകരാജ്യങ്ങള്‍ റഷ്യയെ തടയണമെന്നും  യുക്രെയ്‍ന്‍ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. റഷ്യക്കെതിരെ തിരിച്ചടിക്കുമെന്നു യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയും പറഞ്ഞു.





യുക്രെയ്ന്‍ നഗരങ്ങളായ ഒഡേസയിലും മാരിയോപോളിലും റഷ്യന്‍ സൈന്യമെത്തി. ആക്രമണം യുക്രെയ്ൻ സൈനിക സംവിധാനങ്ങള്‍ക്കുനേരെയെന്ന് റഷ്യ അവകാശപ്പെട്ടു. നഗരങ്ങള്‍ക്കുനേരെ മിസൈല്‍ ആക്രമണം നടത്തില്ലെന്നും റഷ്യന്‍ പ്രതിരോധവകുപ്പ് ഉറപ്പു നൽകി. ഇതിനിടെ യുക്രെയ്നിലെ ലുഹാൻസ്ക് മേഖലയിലെ ഒരു പട്ടണം വിമതര്‍ പിടിച്ചെടുത്തു. 





യുക്രെയ്‍ൻ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യു.എന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് പുടിന്‍ സൈനിക നടപടി പ്രഖ്യാപിച്ചത്. യുക്രെയ്നിലെ സൈനികനടപടി അനിവാര്യമെന്ന് പറഞ്ഞ  പുടിന്‍ നാറ്റോ വിപുലീകരണത്തിന് യുക്രെയ്‍നെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. പ്രതിരോധത്തിന് മുതിരരുതെന്ന്് യുക്രെയ്ന്‍ സൈന്യത്തിന് പുടിന്‍  മുന്നറിയിപ്പ് നല്‍കി.  ആയുധം താഴെവച്ച് പിന്തിരിയണമെന്ന് യുക്രെയ്ന്‍ സൈന്യത്തോട് പുടിന്‍ ആവശ്യപ്പെട്ടു. മാനുഷികത പരിഗണിച്ച് സൈന്യത്തെ തിരികെ വിളിക്കണമെന്ന് റഷ്യയോട് യു.എന്‍ അഭ്യർഥിച്ചു. 





അതേസമയം, റഷ്യയുടേത് നീതികരിക്കാനാത്ത നടപടിയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. അമേരിക്കയും  നാറ്റോ സഖ്യവും ഉചിത മറുപടി നല്‍കുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നൽകി. വന്‍പ്രതിസന്ധിയിലേക്ക് നീങ്ങുന്ന അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ. നയതന്ത്രതലത്തില്‍ സമാധാനപരമായി പ്രശ്നം പരിഹരിക്കണം. 


Post a Comment

أحدث أقدم