ജനവാസകേന്ദ്രത്തില്‍ കള്ളുഷാപ്പ് തുടങ്ങാൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ




കോട്ടയം ഭരണങ്ങാനം പഞ്ചായത്തിൽ ജനവാസ കേന്ദ്രത്തില്‍ കള്ളുഷാപ്പ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം.  ഒൻപതാം വാർഡിൽ അയ്യമ്പാറയിലാണ് പ്രധാന ജംക്ഷനില്‍ കള്ളുഷാപ്പ് ആരംഭിക്കാനുള്ള നീക്കം. പച്ചക്കറി വ്യാപാരസ്ഥാപനമെന്ന പേരില്‍ പഞ്ചായത്തിനെയും കബളിപ്പിച്ചാണ് കള്ളുഷാപ്പിനായി കെട്ടിടനമ്പര്‍ നേടിയെടുത്തത്. 




നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന ഇടപ്പാടി അയ്യമ്പാറ നാൻക്കവലയില്‍ റോഡിനോട് തൊട്ടുചേര്‍ന്നാണ് പുതിയ കള്ളുഷാപ്പിൻ്റെ സ്ഥാനം. ഷാപ്പുൾപ്പെടുന്ന കെട്ടിടത്തിൻ്റെ അൻപത് മീറ്റര്‍ മാത്രം അകലെയാണ് അംഗൻവാടി. സ്കൂൾ വിദ്യാർഥികൾ ബസ് കയറുന്നതും സമീപത്തു നിന്ന്. ഷാപ്പ് തുറക്കുന്നതോടെ നാട്ടിലെ സ്വൈരജീവതം തകരുമെന്ന് വീട്ടമ്മമാർ ആശങ്കപ്പെടുന്നു.  




കള്ളുഷാപ്പെന്ന വിവരം മറച്ചുവെച്ചാണ് കെട്ടിടത്തിന് അനുമതി തേടിയതെന്ന് വാര്‍ഡംഗം കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വ്യക്തമാക്കി. കള്ളുഷാപ്പിനായി എക്സൈസിൽ അനുമതി തേടിയതോടെയാണ് പഞ്ചായത്തും വിവരം അറിഞ്ഞത്. ഇതോടെ കള്ളുഷാപ്പ് ആരംഭി്കാനുള്ള നീക്കത്തിനെതിരെ കലക്ടര്‍ക്കടക്കം പഞ്ചായത്ത് പരാതി നൽകി.  ഷാപ്പ് തുടങ്ങാനുള്ള ശ്രമവവുമായി മുന്നോട്ട് പോയാല്‍ നിരാഹാര സമരമടക്കം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Post a Comment

أحدث أقدم